പൊലീസ് കള്ളക്കേസിൽ കുടുക്കിയ ഭിന്നശേഷിക്കാരനെ കോടതി കുറ്റവിമുക്തനാക്കി
text_fieldsകോതമംഗലം: പൊലീസ് മോഷണക്കേസിൽ കുടുക്കിയ ഭിന്നശേഷിക്കാരനെ കോടതി കുറ്റവിമുക്തനാക്കി. പല്ലാരിമംഗലം വെയ്റ്റിങ് ഷെഡ് പാമ്പ്രക്കാട്ടിൽ ഗോപിയെയാണ് കോതമംഗലം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ഇ.എൻ. ഹരിദാസൻ കുറ്റക്കാരനല്ലെന്നുകണ്ട് വിട്ടയച്ചത്. കേസ് വിസ്താരം ആരംഭിക്കാനിരിക്കെ കേസ് ഫയൽ പരിശോധിച്ച മജിസ്ട്രേറ്റ് കേസിൽ രണ്ടാംപ്രതിയായി ഗോപിയെ ഉൾപ്പെടുത്തിയത് അന്യായമാണെന്ന് കണ്ടെത്തി. 2022 ആഗസ്റ്റ് നാലിന് പല്ലാരിമംഗലം ചെമ്പകുഴിയിൽ അബ്ദുസ്സലാമിന്റെ വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ മോഷണംപോയ പരാതിയിലാണ് പോത്താനിക്കാട് പൊലീസ് കേസെടുത്തത്.
കുപ്രസിദ്ധ കുറ്റവാളി ആസിഡ് ബിജുവിനെ പൊലീസ് പിടികൂടുകയും ഇയാളിൽനിന്ന് സ്വർണാഭരണങ്ങൾ കണ്ടെടുക്കുകയും ചെയ്തു. നഷ്ടപ്പെട്ട സ്വർണാഭരണങ്ങൾ ബിജുവിൽനിന്ന് കണ്ടെടുത്തത് മറച്ചുവെച്ച് പൊലീസ് ഗോപിയെ ബിജുവിനോടൊപ്പം രണ്ടാംപ്രതിയാക്കി. ഒന്നാംപ്രതി ബിജുവിൽനിന്ന് സ്വർണം വാങ്ങുകയും കളവ് മുതലാണെന്ന് അറിഞ്ഞ് വിൽപന നടത്തുകയും ചെയ്തെന്ന കുറ്റമാണ് ചാർത്തിയിരുന്നത്. കോടതിയിൽ താൻ നിരപരാധിയാണെന്നും ഒരു കുറ്റവും ചെയ്തിട്ടില്ല എന്നും കളവ് മുതലുകൾ ഒന്നാംപ്രതിയിൽനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ടെന്ന് കേസ് ഫയലിൽ കാണാമെന്നും ബോധിപ്പിക്കുകയായിരുന്നു. കുറ്റപത്രം പരിശോധിച്ച മജിസ്ട്രേറ്റ് രണ്ടാംപ്രതിയായി ഗോപിയെ ഉൾപ്പെടുത്തിയത് അടിസ്ഥാനമില്ലാതെയാണെന്ന് കണ്ടാണ് വെറുതെവിടാൻ ഉത്തരവിട്ടത്. നിരപരാധിയായ തന്നെ പൊലീസ് മനഃപൂർവം കേസിൽ കുടുക്കി ലോക്കപ്പിലിട്ട് മർദിക്കുകയും പല്ലാരിമംഗലത്ത് നടത്തിക്കൊണ്ടിരുന്ന കടകൾ പൂട്ടിക്കുകയും പല്ലാരിമംഗലത്തുനിന്ന് നാടുകടത്തുകയും ചെയ്തതിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഗോപി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.