കാട്ടാനകളെ തുരത്താൻ ദൗത്യത്തിന് തുടക്കം
text_fieldsകോതമംഗലം: കീരംപാറ പഞ്ചായത്തിലെ ജനവാസ മേഖലകളിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ തുരത്താനുള്ള ദൗത്യത്തിന് തുടക്കമായി.
കീരംപാറ പഞ്ചായത്തിൽ പുന്നേക്കാട്-തട്ടേക്കാട് റോഡിന് സമീപത്തെ മാഞ്ചിയം പ്ലാന്റേഷനിലും ചേലമലക്കു സമീപത്തെ ജനവാസ മേഖലകളിലും 16ഓളം കാട്ടാനകളാണ് തമ്പടിച്ചിരിക്കുന്നത്. തുണ്ടം, തട്ടേക്കാട് വനമേഖലകളിൽനിന്ന് പെരിയാർ നീന്തിക്കടന്നാണ് കാട്ടാനക്കൂട്ടങ്ങൾ പുന്നേക്കാടും ചേലമലയിലും എത്തിയിരിക്കുന്നത്.
ആനകൾ ദിവസവും വൻ കൃഷിനാശമാണ് കർഷകർക്ക് വരുത്തിവെക്കുന്നത്. രാത്രിയും പകലും ആനകൾ റോഡിലും വീടുകൾക്ക് സമീപവും എത്തുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതി സംജാതമായതോടെ പ്രദേശവാസികളുടെ നിരന്തര പരാതികളെത്തുടർന്നാണ് ആദ്യഘട്ടമായി ചേലമല ഭാഗത്ത് തമ്പടിച്ചിരിക്കുന്ന ആനകളെ തുരത്താൻ പദ്ധതി തയാറാക്കിയത്. കോതമംഗലം റേഞ്ച് ഓഫിസർ പി.എ. ജലീലിന്റെ നേതൃത്വത്തിലുള്ള വനപാലകരും വി.എസ്.എസ് വളന്റിയർമാരും നാട്ടുകാരുമാണ് ദൗത്യസംഘത്തിലുള്ളത്. ആനകളെ കണ്ടെത്തി പടക്കംപൊട്ടിച്ചും ശബ്ദമുണ്ടാക്കിയും വിരട്ടിയോടിച്ച് പെരിയാർ കടത്തിവിടാനാണ് ശ്രമം. നാല് മേഖലയിൽ നാല് ടീമുകളായിത്തിരിഞ്ഞ് ആനകളെ വിരട്ടിയോടിക്കുന്നതിനുള്ള ശ്രമമാണ് ആരംഭിച്ചത്.
ആദ്യഘട്ടത്തിൽ രണ്ട് ആനകളെ കണ്ടെത്തിയെങ്കിലും ഒന്നിനെ മാത്രമാണ് പുഴ കടത്തിവിടാനായത്. ആനകളെ പൂർണമായി ജനവാസ മേഖലകളിൽനിന്ന് തുരത്തുന്നതുവരെ ദൗത്യം തുടരുമെന്ന് ആൻറണി ജോൺ എം.എൽ.എ പറഞ്ഞു.
ആനകളെ പുഴ കടത്തിവിട്ടശേഷം പുഴത്തീരത്ത് വൈദ്യുതിവേലിയും കിടങ്ങും സ്ഥാപിക്കണമെന്ന് കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.