ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ നേരത്തെ അടച്ചു; വൃഷ്ടിപ്രദേശത്തെ കൃഷി നശിച്ചു
text_fieldsകോതമംഗലം: മഴ മാറിനിന്നതിനെ തുടർന്ന് പെരിയാർവാലി കനാലിൽ ജലവിതരണത്തിന് ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ അടച്ച് പെരിയാറിൽ വെള്ളം സംഭരിച്ചതോടെ വൃഷ്ടിപ്രദേശത്തെ കൃഷികൾ നശിച്ചു.
കീരംപാറ പഞ്ചായത്തിലെ പാലമറ്റം മേഖലയിലെ അമ്പതോളം ഏക്കറിലെ കൃഷിയാണ് നശിച്ചത്. പതിവിന് വിരുദ്ധമായി മഴ ലഭിക്കാതെ വന്നതോടെയാണ് ജലക്ഷാമം പരിഹരിക്കാൻ സെപ്റ്റംബറിൽതന്നെ ഷട്ടറുകൾ അടച്ചത്. സംഭരണിയുടെ വൃഷ്ടിപ്രദേശത്ത് ബാരേജ് തുറക്കുന്ന ജൂൺ മുതൽ ഡിസംബർ വരെ സമീപവാസികൾ ഇവിടെ കൃഷിയിറക്കുക പതിവാണ്.
പെരിയാറിനോട് ചേർന്നുള്ള കൂരുകുളം, ചീക്കോട്, ഇഞ്ചത്തൊട്ടി പ്രദേശത്തെ സാധാരണക്കാരായ അമ്പതോളം കർഷകരാണ് നെല്ല്, കൂർക്ക തുടങ്ങി ഹ്രസ്വകാല വിളകൾ കൃഷി ചെയ്തിരുന്നത്.
മഴക്കാലം മാറി കനാലുകളുടെ അറ്റകുറ്റപ്പണിക്ക് ശേഷമാണ് സാധാരണ നിലയിൽ ബാരേജിൽ ഷട്ടറുകൾ താഴ്ത്തി വെള്ളം പിടിക്കാറുള്ളത്. മഴ മാറിനിന്നതോടെ വിവിധ ജലവിതരണ പദ്ധതികളുടെ പമ്പിങ് നിലച്ചതോടെ അടിയന്തരമായി വെള്ളം പിടിക്കുകയായിരുന്നു. ഇതാണ് കർഷകർക്ക് തിരിച്ചടിയായത്. ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.