ഇടമലയാർ ഡാമിന് സമീപം കുടിൽ കെട്ടി ആദിവാസി കുടുംബങ്ങൾ
text_fieldsകോതമംഗലം: ഇടമലയാർ ഡാമിന് സമീപം കുടിൽ കെട്ടി അറാക്കപ്പ് കോളനിയിലെ ആദിവാസി കുടുംബങ്ങൾ. തൃശൂർ ജില്ലയിലെ വാഴച്ചാൽ -മലക്കപ്പാറ വനത്തിനുള്ളിലെ 45 കുടുംബങ്ങൾ അധിവസിക്കുന്ന അറാക്കപ്പ് കോളനിയിലെ 11 കുടുംബങ്ങളാണ് ചൊവ്വാഴ്ച ഉച്ചയോടെ ഇടമലയാർ ഡാമിന് മുകളിൽ വൈശാലി ഗുഹക്ക് സമീപമെത്തി കുടിൽ കെട്ടാൻ തുടങ്ങിയത്.
മൂന്ന് കുടിലുകൾ ഇവർ നിർമിച്ചു. വിവരമറിഞ്ഞെത്തിയ ഇടമലയാർ ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, കുടിൽ കെട്ടി താമസിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് കുട്ടികളും സ്ത്രീകളും വൃദ്ധരുമടങ്ങുന്ന 40 അംഗ സംഘം. ഉരുൾപ്പൊട്ടലും വന്യമൃഗശല്യവും രൂക്ഷമായ അറാക്കപ്പിൽനിന്ന് തങ്ങൾക്ക് അനുയോജ്യമായ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് കലക്ടർമാർക്കും വനം വകുപ്പ് അധികൃതർക്കും നിരന്തരം നിവേദനങ്ങൾ നൽകിയെങ്കിലും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരവുമായി ഇവർ രംഗത്ത് വന്നത്.
ഇവരുടെ ദുരിത ജീവിതം ജനുവരിയിൽ 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് മനുഷ്യാവകാശ കമീഷൻ ഇടപ്പെട്ട് കലക്ടറോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. വാഴച്ചാൽ വനമേഖലയിൽ ഉൾപ്പെടുന്ന പ്രദേശത്ത് ചികിത്സിക്കാൻ ആശുപത്രിയില്ല, റോഡില്ല, വീടില്ല, വൈദ്യുതിയും വെള്ളവുമില്ല. ഇടമലയാർ ജലാശയത്തിലൂടെ ചങ്ങാടത്തിൽ തുഴഞ്ഞും വനാന്തരത്തിലൂടെ നടന്നും അഞ്ച് മണിക്കൂർ സഞ്ചരിച്ചാണ് ഇവർ തൊട്ടടുത്ത ജനവാസ മേഖലയായ വടാട്ടുപാറയിലെത്തുന്നത്. രോഗം വന്നാൽ ചികിത്സിക്കണമെങ്കിൽ 80-ഓളം കിലോമീറ്റർ ദൂരെയുള്ള ചാലക്കുടി സർക്കാർ ആശുപത്രിയിലെത്തണം.
ഇതിന് രണ്ടര കിലോമീറ്ററോളം പാറക്കെട്ടുകൾ നിറഞ്ഞ കൊടുംകാട്ടിലൂടെ രോഗിയെ ചുമന്ന് മലക്കപ്പാറയിലെത്തിക്കണം. കുട്ടികളും വൃദ്ധരുമായ കുടുംബാംഗങ്ങളുമൊന്നിച്ച് സുരക്ഷിതമായി ജീവിക്കാൻ ഒരിടമാണ് ഇവർ തേടുന്നത്. ഇടമലയാർ ഡാം സൈറ്റിന് മുകളിൽ വൈശാലി ഗുഹക്ക് സമീപം ഇവർക്ക് ഒരിക്കൽ സ്ഥലം വനം വകുപ്പ് വാഗ്ദാനം ചെയ്തെങ്കിലും നടപടികൾ ഏങ്ങുമെത്താതെ നിൽക്കുകയായിരുന്നു.
സ്ഥലം ഒഴിഞ്ഞ് പോകാൻ 24 മണിക്കൂർ സമയമാണ് വനം വകുപ്പ് അനുവദിച്ചിരിക്കുന്നത്. എന്നാൽ, ഒഴിയില്ലെന്ന ഉറച്ച നിലപാടിലാണ് ആദിവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.