പന്തപ്ര കോളനി വികസനത്തിന് അടിയന്തര നടപടി -കലക്ടർ
text_fieldsകോതമംഗലം: വന്യജീവി ഭീഷണിയെ തുടർന്ന് കുട്ടമ്പുഴ പന്തപ്രയിലെത്തിയ വാരിയം, ഉറിയംപെട്ടി ആദിവാസി കോളനി നിവാസികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കലക്ടർ എൻ.എസ്.കെ. ഉമേഷ്. ആന്റണി ജോൺ എ.എൽ.എയോടൊപ്പം ഊര് നിവാസികളുമായി നടത്തിയ ചർച്ചയിലാണ് കലക്ടർ ഇക്കാര്യം വ്യക്തമാക്കിയത്.
കാട്ടുപോത്ത് ഉൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണ ഭീഷണിയെ തുടർന്ന് 90 കുടുംബമാണ് കാട്ടിൽനിന്ന് പന്തപ്ര കോളനിയിലേക്ക് എത്തിയിട്ടുള്ളത്. നേരത്തേ പന്തപ്ര പുനരധിവാസ പാക്കേജ് പ്രകാരം പുനരധിവസിപ്പിച്ച 67 കുടുംബങ്ങളിൽ ചിലരുടെ സ്ഥലങ്ങളിൽ ഷീറ്റുകൊണ്ട് മറച്ച താൽക്കാലിക ഷെഡുകളിലാണ് നിലവിൽ ഇവരുടെ താമസം.
ഇവരെയും പാക്കേജിൽ ഉൾപ്പെടുത്താനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കും. ഇതിനുള്ള കാലതാമസം പരിഗണിച്ച് തൽക്കാലത്തേക്ക് സമീപത്തുതന്നെ കുറച്ച് സ്ഥലം അനുവദിക്കാനാണ് തീരുമാനം. ആവശ്യമായ ശുചിമുറി സൗകര്യങ്ങൾ, കുടിവെള്ളം, ഭക്ഷണം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പാടാക്കും. പന്തപ്ര കോളനിയുടെ സമഗ്ര വികസനത്തിനുള്ള അടിയന്തര നടപടി സ്വീകരിക്കും. വീടുകളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകി. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാത്ത കരാറുകാരിൽനിന്ന് പണം ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കും. കോളനിയിലേക്കുള്ള റോഡിന് വനം വകുപ്പിന്റെ എൻ.ഒ.സി ലഭിക്കുാൻ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറുമായി കലക്ടർ കൂടിക്കാഴ്ച നടത്തും.
തേക്ക് പ്ലാന്റേഷനിൽ സ്ഥിതിചെയ്യുന്ന കോളനിയിലെ ജനങ്ങൾക്ക് അപകടമുയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാനും തീരുമാനിച്ചു. ദുരന്ത നിവാരണ നിയമപ്രകാരമാണ് നടപടി. ഇത്തരത്തിൽ മുറിച്ചുമാറ്റേണ്ട മരങ്ങൾ കണ്ടെത്താൻ വനം, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രതിനിധികളും ട്രൈബൽ പ്രമോട്ടറും ഉൾപ്പെടുന്ന സമിതി രൂപവത്കരിക്കും. ഇവർ നൽകുന്ന വിവരങ്ങൾ ക്രോഡീകരിച്ച് തഹസിൽദാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും മരം മുറിക്കൽ. വാരിയം, ഉറിയംപെട്ടി ഊരുകളിൽ ബാക്കിയുള്ള മുഴുവൻ കുടുംബങ്ങളെയും പന്തപ്രയിലേക്ക് എത്തിക്കാൻ ഊരുകൂട്ടങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു.
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഉഷ ബിന്ദുമോൾ, മൂവാറ്റുപുഴ റവന്യൂ ഡിവിഷനൽ ഓഫിസർ പി.എ. അനി, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, കോതമംഗലം തഹസിൽദാർ റേച്ചൽ കെ. വർഗീസ്, കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ടി. ബിനീഷ്കുമാർ, ഇടമലയാർ ഫോറസ്റ്റ് റേഞ്ച് ഓഫിസ് വി.ബി. അഖിൽ, മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ.കെ. ശിവൻ, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ഗോപി, കുട്ടമ്പുഴ പഞ്ചായത്ത് അംഗങ്ങളായ കെ.എ. സിബി, ബിനേഷ് നാരായണ, ജോഷി പൊട്ടയ്ക്കൽ, കുട്ടൻ ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.