പെരിയാർവാലി കനാൽ തുറന്നിട്ടും ഭൂതത്താൻകെട്ടിൽ ജലനിരപ്പ് ഉയർന്നില്ല
text_fieldsകോതമംഗലം: പ്രതിഷേധം തണുപ്പിക്കാൻ പെരിയാർവാലി കനാൽ തുറന്നു. എന്നാൽ, ഭൂതത്താൻകെട്ടിൽ ജലനിരപ്പ് ഉയരാത്തത് പ്രതിസന്ധിയായി. കല്ലാർകുട്ടി അണക്കെട്ട് ശുചീകരണത്തിന് തുറന്നപ്പോഴെത്തിയ ചെളി ഒഴുക്കിക്കളയാൻ ഞായറാഴ്ച ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകൾ തുറക്കേണ്ടിവന്നതാണ് വിനയായത്.
വേനൽക്കാലത്ത് ജില്ലയിലെ കൃഷിക്കും കുടിവെള്ളത്തിനും ഏറെ ആശ്രയമായ ബാരേജിൽ ശേഖരിച്ച വെള്ളം ഒഴുക്കിക്കളയേണ്ടി വന്നത് മൂലം രൂക്ഷമായ പ്രതിസന്ധിയാണ് വരും ദിവസങ്ങളിൽ നേരിടേണ്ടി വരുക. മെയിൻ കനാലിലും ഹൈ ലെവൽ, ലോ ലെവൽ കനാലുകളിലും വെള്ളമെത്തിയെങ്കിലും അളവ് കുറവാണ്. ഇത് ബ്രാഞ്ച് കനാലുകളിലെ ജലവിതരണത്തെ സാരമായി ബാധിക്കും. ഭൂതത്താൻകെട്ട് ബാരേജിന്റെ 15 ഷട്ടറും അടച്ചെങ്കിലും പെരിയാറിൽ നീരൊഴുക്ക് കുറഞ്ഞ നിലയിലാണ്.
മഴ ഇല്ലാത്തതും ഇടമലയാറിൽനിന്ന് അധികജലം എത്താത്തതുമാണ് ജലനിരപ്പ് ഉയരാൻ തടസ്സം. 31 മീറ്ററാണ് വ്യാഴാഴ്ചയിലെ ജലനിരപ്പ്. 34 മീറ്ററിന് മുകളിലേക്ക് ജലനിരപ്പ് ഉയർന്നാലേ കനാലുകളിലൂടെയുള്ള ജലവിതരണം സുഗമമാകൂ.
പെരിയാറിൽ ജലനിരപ്പ് ഉയർത്താൻ ഇടമലയാർ അണക്കെട്ടിൽ വൈദ്യുതോൽപാദനം കൂട്ടി കൂടുതൽ വെള്ളമൊഴുക്കണമെന്ന് പെരിയാർവാലി അധികൃതർ ആവശ്യപ്പെട്ടെങ്കിലും നടപ്പായിട്ടില്ല. ബ്രാഞ്ച് കനാലുകളുടെ ശുചീകരണം പകുതിപോലും പൂർത്തിയാകാത്ത സാഹചര്യമാണുള്ളത്. കനാൽ വെള്ളം പൂർണമായും എത്താത്ത സാഹചര്യത്തിൽ കൃഷിക്കും കുടിവെള്ളത്തിനും വരും നാളുകളിൽ ഏറെ പ്രതിസന്ധി നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.