വൈദ്യുതിവേലി തകർത്ത് കാട്ടാനകൾ ജനവാസമേഖലയിൽ
text_fieldsകോതമംഗലം: ഹാങ്ങിങ് വൈദ്യുതിവേലിയും തകർത്ത് കാട്ടാനകൾ ജനവാസ മേഖലയിൽ. കോട്ടപ്പടി മുട്ടത്തുപാറയിലാണ് വനാതിർത്തിയിൽ സ്ഥാപിച്ച ഹാങ്ങിങ് വൈദ്യുതിവേലികൾ തകർത്ത് കാട്ടാനകൾ ജനവാസമേഖലയിലിറങ്ങുന്നത് പതിവാക്കിയത്. ജനവാസമേഖലയിലെത്തുന്ന ആനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നു.
കഴിഞ്ഞ മാസം പ്ലാച്ചേരിയിൽ കിണറ്റിൽ വീണപ്പോൾ രക്ഷപ്പെടുത്തി വിട്ട കൊമ്പനാണ് കഴിഞ്ഞ ദിവസം രാത്രി കൃഷിയിടത്തിലിറങ്ങി നാശമുണ്ടാക്കിയത്. കാട്ടാനശല്യം തടയാൻ സാദാ വൈദ്യുതിവേലിയെക്കാൾ കൂടുതൽ ഫലപ്രദമെന്ന നിലയിൽ മേഖലയിൽ വ്യാപകമായി ഹാങ്ങിങ് വൈദ്യുത വേലി സ്ഥാപിച്ചുവരികയാണ്. ഇതിനിടയിലാണ് കാട്ടാനകൾ ഇതും മറികടന്ന് ജനവാസ മേഖലയിലെത്തിയിരിക്കുന്നത്. വനം വകുപ്പ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് അടുത്തിടെ സ്ഥാപിച്ച ഫെൻസിങ്ങാണ് തകർത്തത്.
സ്ഥിരം ശല്യക്കാരനായ ആന കിണറ്റിൽ വീണപ്പോൾ മയക്കുവെടിവെച്ച് പിടികൂടി ജനവാസമേഖലയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധമുയർത്തിയിരുന്നു. എങ്കിലും വനംവകുപ്പ് ആനയെ രക്ഷപ്പെടുത്തി കാട്ടിലേക്കയക്കുകയായിരുന്നു. പിന്നീട്, നിരവധി തവണ ഈ ആന വിവിധ പ്രദേശങ്ങളിൽ നാശമുണ്ടാക്കിവരികയാണ്. ആനയെ പ്രദേശത്തുനിന്ന് നീക്കാൻ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.