കുട്ടമ്പുഴയിലെ കാട്ടാന ആക്രമണം; ഫെൻസിങ്ങും ട്രഞ്ചിങ്ങും കാര്യക്ഷമമാക്കും
text_fieldsകോതമംഗലം: കുട്ടമ്പുഴയിൽ കാട്ടാനയുടെ അക്രമണത്തെ തുടർന്ന് ഉരുളൻതണ്ണി സ്വദേശി എൽദോസ് വർഗീസ് മരിക്കാനിടയായ സംഭവത്തിൽ ആൻറണി ജോൺ എം.എൽ.എയുടെയും ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷിന്റെയും നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. മിഷൻ സോളാർ ഫെൻസിങ് പദ്ധതി പ്രകാരം നിലവിലുള്ള ഫെൻസിങ് ശരിയാക്കുകയും പുതിയവ സ്ഥാപിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തിങ്കളാഴ്ച ഫെൻസിങ് പൂർണമായി ചാർജ് ചെയ്യാനാണ് ശ്രമിക്കുന്നത്. ട്രഞ്ചിങ് ആറു മാസത്തിനകം പൂർത്തിയാക്കും. ഹാംഗിങ് ഫെൻസിങ് ടെൻഡർ എടുക്കാൻ ആളില്ലാത്തത് പരിഹരിക്കാൻ ട്രഞ്ചിങ് കരാർ എടുത്ത വ്യക്തിയെ തന്നെ ഏൽപിക്കാൻ തീരുമാനിച്ചു.
വഴിയിൽ എല്ലായിടത്തും ലൈറ്റ് ഇട്ടുവരികയാണ്. നിലവിലുള്ള എല്ലാ ലൈറ്റുകളും അറ്റകുറ്റപ്പണി നടത്തും. പുതിയവ സ്ഥാപിക്കുന്നതിന് കരാർ വിളിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ കാലതാമസം ഒഴിവാക്കാൻ ഷോർട്ട് ടെൻഡർ വിളിക്കാനുള്ള നടപടികൾക്കായി ദുരന്ത നിവാരണ നിയമപ്രകാരം ജില്ല കലക്ടർ അനുമതി നൽകും. നിലവിൽ മൂന്ന് ഡി.എഫ്.ഒമാരുടെ കീഴിലാണ് കുട്ടമ്പുഴ. റാപിഡ് റെസ്പോൺസ് ടീമിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ എല്ലാ ഡി.എഫ്.ഒമാർക്കും നിർദേശം നൽകിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ മരിച്ച വ്യക്തിയുടെ ബന്ധുക്കൾക്ക് കൈമാറിയിട്ടിട്ടുണ്ട്. ബാക്കി അഞ്ച് ലക്ഷം ലീഗൽ ഹെയർ ഷിപ്പ് അനുമതി ആയതിന് ശേഷം നൽകും. ജനുവരി 30നുമുമ്പ് നടപടികൾ പൂർത്തിയാക്കി തുക കൈമാറും. വനമേഖലയിൽ റോഡുകളുടെ ഇരുവശവും 30 മീറ്റർ അടിക്കാട് വെട്ടണമെന്നും പട്ടയം ഇല്ലാത്ത കൈവശ ഭൂമിയിൽ വന്യമൃഗങ്ങൾ വരുത്തുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വേണമെന്നും കൂടുതൽ വാച്ചർമാരെ നിയോഗിക്കണമെന്നും നാട്ടുകാർ ആവശ്യം ഉന്നയിച്ചു. എന്നാൽ ഇതിന് സർക്കാറിന്റെ തീരുമാനം ആവശ്യമാണെന്ന് കലക്ടർ മറുപടി നൽകി. ഇക്കാര്യങ്ങൾ ജില്ല കലക്ടറും എം.എൽ.എയും സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തി നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി. സ്ഥിരമായി ഒരു ആന ആണ് ശല്യം ഉണ്ടാക്കുന്നതെന്ന് നാട്ടുകാർ അറിയിച്ചു. ഇത് പരിശോധിച്ച് നടപടി സ്വീകരിക്കും.
കുട്ടമ്പുഴയിൽ വന്യ മൃഗശല്യം ഒഴിവാക്കുന്നതിനുവേണ്ടി എടുക്കുന്ന നടപടികൾ പരിശോധിക്കുന്നതിന് തുടർ യോഗങ്ങൾ നടത്തും. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, ജില്ല, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, റവന്യൂ, വനം, പൊലീസ് ഉദ്യോഗസ്ഥർ, വൈദികർ, പൊതുപ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.