കലിതുള്ളി കാട്ടുകൊമ്പൻ; ജനം ഭീതിയിൽ
text_fieldsകോതമംഗലം: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തി കോട്ടപ്പടി വാവേലിയിൽ കാട്ടുകൊമ്പൻ വിലസുന്നു. ആഴ്ചകളായി രാത്രിയെത്തുന്ന ആന ജനജീവിതം താളംതെറ്റിച്ചിരിക്കുകയാണ്.ബുധനാഴ്ച രാത്രി കാടിറങ്ങിയ കൊമ്പൻ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കൊമ്പന്റെ ആക്രമണത്തിൽനിന്ന് വാവേലി കാരവള്ളി രാധാകൃഷ്ണൻ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട് മാത്രം.
ചിരട്ടക്കൽ മഞ്ചേഷിന്റെ വീട്ടുവളപ്പിൽ ആന നടത്തിയ പരാക്രമം കുടുംബത്തെ മണിക്കൂറോളം ഭീതിയിലാഴ്ത്തി. കാരവള്ളി മോഹനൻ, തുപ്പനാട്ട് വേലായുധൻ എന്നിവരുടെ പുരയിടങ്ങളിലും ആന നാശനഷ്ടം വരുത്തി. അർധരാത്രിയോടടുത്ത് ചിരട്ടക്കൽ മഞ്ചേഷിന്റെ വീട്ടുവളപ്പിലാണ് ആന ആദ്യം എത്തിയത്. നായ് കുരക്കുന്നതു കേട്ടാണ് വീട്ടുകാർ ഉണർന്നത്. വീടിന് തൊട്ടടുത്തുനിന്ന് ആനയുടെ ചിന്നംവിളി കേട്ടതോടെ വീട്ടുകാർ ഭയപ്പാടിലായി. ആന വീടിന്റെ ഭിത്തിയിൽ കുത്തുകയും ചെയ്തതോടെ ഭീതി വർധിച്ചു.
രാത്രി 12 മുതൽ ഒരു മണിക്കൂർ, ആന ചിന്നം വിളിച്ച് വീടിന് ചുറ്റും നടക്കുകയും ചെയ്തു. ആന എത്തിയ ഉടൻ സഹായത്തിന് വനംവകുപ്പ് അധികൃതരെ വിളിച്ചെന്നും ആന പോയിക്കഴിഞ്ഞ ശേഷമാണ് ജീവനക്കാർ എത്തിയതെന്നും വീട്ടുകാർ പറഞ്ഞു. മഞ്ചേഷിന്റെ വീട്ടിൽനിന്ന് അരക്കിലോമീറ്റർ അകലെയാണ് കാരവള്ളി രാധാകൃഷ്ണന്റെ വീട്. കൃഷിയിടത്തിൽ ആന എത്തിയെന്ന് മനസ്സിലാക്കി ഓടിച്ചുവിടാനാണ് രാധാകൃഷ്ണൻ വീടിന് പുറത്തിറങ്ങുന്നത്.
ഒച്ചവെച്ചതോടെ ആന തന്റെ നേരെ പാഞ്ഞടുത്തെന്നും ഓടി വീട്ടിൽക്കയറി കതക് അടച്ചെന്നും രാധാകൃഷ്ണൻ പറഞ്ഞു. വീടിന് വട്ടംചുറ്റിയ കൊമ്പൻ മുറ്റത്തിരുന്ന ബൈക്ക് തട്ടിയിട്ടും സിറ്റൗട്ടിൽ കെട്ടിയിരുന്ന പടുത വലിച്ചുകീറി നശിപ്പിച്ചതിനും ശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസം മഞ്ചേഷിന്റെ വീടിനു മുകളിലേക്ക് കൊമ്പൻ മരംമറിച്ചിട്ടിരുന്നു. വിവരം അറിഞ്ഞ് ഇവിടെ എത്തിയ പ്രദേശവാസികൾ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയ വാഹനങ്ങൾ തടഞ്ഞിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.