കാട്ടാനകൾ പുതിയ പ്രദേശങ്ങളിലേക്ക്; ആശങ്കയിൽ ഊന്നുകൽ നിവാസികൾ
text_fieldsകോതമംഗലം: കീരംപാറ പഞ്ചായത്തിൽ പുതിയ പ്രദേശങ്ങളിലേക്കുള്ള കാട്ടാനകളുടെ കടന്നുകയറ്റം ആശങ്ക പരത്തുന്നു. കവളങ്ങാട് പഞ്ചായത്തിലെ ഊന്നുകൽ നിവാസികൾ ഭീതിയിലാണ് ഇപ്പോൾ. കഴിഞ്ഞ ദിവസം ഇഞ്ചത്തൊട്ടി വനത്തിൽനിന്ന് പെരിയാർ കടന്ന് പാലമറ്റം, ചീക്കോട് ഭാഗങ്ങളിൽ തമ്പടിച്ചിരുന്ന ആനയും കുഞ്ഞുമാണ് കോതമംഗലം റേഞ്ച് പരിധിയിലെ ആനകളുടെ സാന്നിധ്യം ഇതുവരെയില്ലാത്ത ചാരുപാറ പ്ലാന്റേഷനിലേക്ക് കടന്നത്. ചാരുപാറയിൽ കൊട്ടകാപ്പിള്ളി ദീലിപിന്റെ കൃഷിയിടത്തിലെത്തിയ ആനകൾ കുലച്ച 200ലധികം ഏത്തവാഴ നശിപ്പിച്ചു. ആന്റണി ജോൺ എം.എൽ.എയുടെ നേതൃത്വത്തിൽ ആനകൾ നാശംവിതച്ച പുതിയ പ്രദേശങ്ങൾ സന്ദർശിച്ചു.
കൂടുതൽ ജീവനക്കാരെ നിയോഗിച്ച് 24 മണിക്കൂറും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാനും ചീക്കോട് പെരിയാർവാലിയുടെ സ്ഥലത്തെ കാടും പാഴ്മരങ്ങളും അടിയന്തരമായി വെട്ടിത്തെളിക്കാനും തീരുമാനിച്ചു. നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ വേഗത്തിലാക്കും. ശാശ്വത പരിഹാരത്തിന് പെരിയാറിന്റെ കരകളിൽ സോളാർ ഫെൻസിങ് സ്ഥാപിക്കാൻ എസ്റ്റിമേറ്റ് തയാറാക്കി അംഗീകാരത്തിന് സമർപ്പിക്കും.
കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്, കെ.കെ. ദാനി, ബീന റോജോ, വി.സി. ചാക്കോ, സിനി ബിജു, മഞ്ജു സാബു, ഷാന്റി ജോസ്, കെ.എസ്. ജ്യോതികുമാർ തുടങ്ങിയവർ എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.