കാറ്റിൽ കോതമംഗലത്തും മൂവാറ്റുപുഴയിലും വ്യാപകനാശം
text_fieldsകോതമംഗലം: വെള്ളിയാഴ്ച വൈകീട്ടുണ്ടായ കാറ്റിലും മഴയിലും താലൂക്കിൽ പരക്കെ നാശനഷ്ടം. വാഴ, തെങ്ങ്, കമുക്, റബർ അടക്കമുള്ളവയും മരങ്ങളും കടപുഴകി. 24 മണിക്കൂർ പിന്നിട്ടിട്ടും വൈദ്യുതി ബന്ധം പൂർണമായി പുനഃസ്ഥാപിക്കാനായിട്ടില്ല.
മൂന്ന് വീടിന് ഭാഗിക നാശം സംഭവിച്ചു. കോതമംഗലം മുനിസിപ്പാലിറ്റി, കവളങ്ങാട്, പിണ്ടിമന വാരപ്പെട്ടി, നെല്ലിക്കുഴി, കീരംപാറ, കോട്ടപ്പടി, കുട്ടമ്പുഴ, പോത്താനിക്കാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകളിലാണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്. കാർഷിക മേഖലയിൽ പ്രാഥമികമായ കണക്കെടുപ്പിൽ ഏകദേശം 11,500 കുലച്ച ഏത്തവാഴകളും 8000 ഏത്ത വാഴകളും അടക്കം19,500 വാഴകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
പുറമെ ഒരു ഹെക്ടർ സ്ഥലത്തെ കപ്പകൃഷി, 20 റബർ എന്നിവയും നശിച്ചു. 125 കർഷകരുടെ വിളകൾക്കാണ് നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. നാശനഷ്ടങ്ങൾ പരിശോധന നടത്തി തിട്ടപ്പെടുത്തി വരികയാണെന്ന് കൃഷി അസി. ഡയറക്ടർ പറഞ്ഞു. കാർഷിക മേഖലയിൽ മാത്രം 98 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.
കോതമംഗലം ഇലക്ട്രിക് സെക്ഷന് കീഴിൽ 10ലധികം വൈദ്യുതി കാലുകൾ ഒടിഞ്ഞുവീണു. നെല്ലിക്കുഴിയിൽ 314, ഇരമല്ലൂർ, ചെറുവട്ടൂർ പ്രദേശങ്ങളിൽ മാത്രം നിരവധി വൈദ്യുതി കാലുകൾ പൂർണമായും ഒടിയുകയും ഗാർഹിക വൈദ്യുതി വിതരണ ലൈൻ തകരാറിലാകുകയും ചെയ്തു.
ശനിയാഴ്ച രാവിലെ ഊന്നുകൽ സെൻട്രൽ മസ്ജിദിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിലേക്കും ബൈക്കിലേക്കും മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് ബൈക്ക് പൂർണമായും തകരുകയും കാറിന് ഭാഗികമായി നാശനഷ്ടം സംഭവിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.