ഓണത്തിന് ‘കോടി’ നേടി കുടുംബശ്രീ
text_fieldsകൊച്ചി: ഓണ വിപണിയിൽ നേട്ടം കൊയ്ത് കുടുംബശ്രീ. ജില്ലയിൽ 205 കുടുംബശ്രീ ഓണ വിപണന മേളകളിലായി 3,55,15,504 രൂപയാണ് വിറ്റുവരവ്. 82 പഞ്ചായത്തുകളിലും 13 മുനിസിപാലിറ്റികളും കോർപറേഷനിലുമാണ് ചന്തകൾ സംഘടിപ്പിച്ചത്. 5597 കുടുംബശ്രീ സംരംഭകരും 3102 ജെ.എൽ.ജിക ഗ്രൂപ്പുകളും വിപണനത്തിന്റെ ഭാഗമായി. സി.ഡി.എസ് തല ഓണച്ചന്തകൾ, ജില്ലാതല ഓണ ച്ചന്തകൾ എന്നിവ വഴിയാണ് ജില്ലയിൽ ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അരക്കോടിയുടെ അധിക വിൽപനയാണ് ഇത്തവണ ഉണ്ടായത്. മൂന്ന് കോടിയായിരുന്നു മുൻവർഷം ഓണക്കാല വിറ്റുവരവ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മേളകൾ സംഘടിപ്പിച്ചതും ഇത്തവണ എറണാകുളത്താണ്. ഒരു വീട്ടിലേക്കാവശ്യമായ മുഴുവൻ ചേരുവകളും ഒറ്റക്കുടക്കീഴിലൊരുക്കുന്ന വിധമാണ് കുടുംബശ്രീ മേളകൾ ക്രമീകരിച്ചത്.
പ്രിയമേറിയത് ചിപ്സിനും പായസത്തിനും
കുടുംബശ്രീ സ്വന്തം ബ്രാൻഡിൽ പുറത്തിറക്കിയ ശർക്കര വരട്ടിയും ചിപ്സും പായസവുമൊക്കെയായിരുന്നു വിപണിയിലെ താരങ്ങൾ. ഉപഭോക്താക്കൾക്ക് ഏറെ പ്രിയങ്കരമായ പരിപ്പ്, ഗോതമ്പ് പായസങ്ങൾ മേളയിൽ പ്രധാനമായും സജ്ജീകരിച്ചിരുന്നു. പ്രാദേശിക ഉൽപന്നങ്ങൾ മുതൽ മുളക്പൊടി, കാശ്മീരി മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞപ്പൊടി, ചിക്കൻ മസാല, അരിപ്പൊടി എന്നിവയെല്ലാം വിൽപനക്കെത്തിച്ചിരുന്നു. പ്രാദേശിക സാധ്യതകൾ ഉൾപ്പെടുത്തി എല്ലാ വിഭവങ്ങളും മേളയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞതിനാൽ ജനകീയമായ പിന്തുണ മേളക്ക് ലഭിച്ചതായി കുടുംബശ്രീ അധികൃതർ പറഞ്ഞു.
നിറം കൂട്ടി കുടുംബശ്രീയുടെ പൂക്കളും
കുടുംബശ്രീ നടത്തിയ പൂകൃഷിയും വലിയ നേട്ടം കൈവരിച്ചു. സാധാരണ അന്യ സംസ്ഥാനത്ത് നിന്നാണ് പൂ എത്തിക്കാറ്. എന്നാൽ, ഇത്തവണ പൂവിപണിയിൽ ശക്തമായ സാന്നിധ്യമാണ് കുടുംബശ്രീ കാഴ്ചവെച്ചത്. ഓണം ലക്ഷ്യമിട്ട് ജില്ലയിൽ കുടുംബശ്രീ ജെ.എൽ.ജി. ഗ്രൂപ്പുകൾ 40 ഏക്കറിലാണ് ചെണ്ടുമല്ലി കൃഷിയിറക്കിയത്. കരുമാല്ലൂർ, കീഴ്മാട് പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ പൂകൃഷിയിറക്കിയത്. അടുത്ത ഓണത്തിന് കൂടുതൽ വിപുലമായ പൂകൃഷി സംസ്ഥാനമെങ്ങും വ്യാപിപ്പിക്കാനുള്ള പ്രവർത്തനം കുടുംബശ്രീ ഏറ്റെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.