കുണ്ടേക്കാവ് പാലം നിർമാണം തുടങ്ങിയില്ല; ബണ്ട് നാട്ടുകാർക്ക് ദുരിതം
text_fieldsപറവൂർ: കുണ്ടേക്കാവ് പാലം പുനർനിർമാണത്തിനായി പുത്തൻതോട്ടിൽ കെട്ടിയ ബണ്ട് നാട്ടുകാർക്കും കർഷകർക്കും ദുരിതമാകുന്നു.
പാലം ഗതാഗതയോഗ്യമാകും വരെ ഇരുചക്രവാഹനങ്ങൾക്കും കാൽനടക്കാർക്കും സഞ്ചരിക്കാൻ ബണ്ട് നിർമിച്ചിട്ട് മാസം ഒമ്പതായി. പാലത്തിന്റെ നിർമാണോദ്ഘാടനം കഴിഞ്ഞെങ്കിലും നിലവിലെ പാലം പൊളിച്ചുനീക്കുന്നത് ഉൾപ്പെടെ ഒരു ജോലിയും തുടങ്ങിയിട്ടില്ല. വീതികൂടിയ തോട്ടിൽ ബണ്ട് കെട്ടി വെള്ളം ഒഴുകാൻ പൈപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും നീരൊഴുക്ക് പൂർണമായി നിലച്ച സ്ഥിതിയാണ്. ഇതോടെ കെട്ടിനിൽക്കുന്ന ജലം മലിനമാകാൻ തുടങ്ങി.
മത്സ്യത്തൊഴിലാളികളുടെ തൊഴിലിനും ഭീഷണിയായി. സമീപത്തെ പാടശേഖരങ്ങളിൽ പൊക്കാളി കൃഷി നടത്തുന്ന സമയമാണിത്.
നീരൊഴുക്ക് നിലച്ചാൽ കൃഷി നശിക്കാൻ സാധ്യത ഏറെയാണ്. പാലം പണി വേഗത്തിൽ പൂർത്തീകരിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചെങ്കിലും പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.
ജിഡയുടെ താൽപര്യക്കുറവ് മൂലം വർഷങ്ങൾക്ക് മുമ്പ് നിർമാണം ആരംഭിച്ച് പാതിവഴിയിൽ നിലച്ച ചാത്തനാട് പാലം, പെരുമ്പടന്ന-ചാത്തനാട് തീരദേശ റോഡ് എന്നിവയുടെ അതേഗതിതന്നെ കുണ്ടേക്കാവ് പാലം നിർമാണത്തിനും ഉണ്ടാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
പാലം നിർമാണം ഉടൻ ആരംഭിക്കണമെന്നും ഇല്ലെങ്കിൽ നീരൊഴുക്ക് തടസ്സപ്പെടുത്തി കെട്ടിയ ബണ്ട് പൊളിച്ചുമാറ്റണമെന്നും സി.പി.എം ഏഴിക്കര ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പൊക്കാളി-മത്സ്യക്കർഷകരുടെ ദുരിതത്തിന് പരിഹാരം കാണാനായില്ലെങ്കിൽ സമരം തുടങ്ങുമെന്ന് ലോക്കൽ സെക്രട്ടറി എ.എസ്. ദിലീഷ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.