കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ ‘വളഞ്ഞ്’ കുട്ടി പൊലിസ്
text_fieldsകുമ്മനോട് ഗവ യു.പി സ്കൂളിലെ കുട്ടി പൊലിസുകാരെ സബ് ഇൻസ്പെക്ടർ വി.പി സുധീഷ് സല്യൂട്ട് നൽകി സ്വീകരിക്കുന്നു
പട്ടിമറ്റം: കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ വളഞ്ഞ് കുട്ടി പൊലീസുകാർ. കുമ്മനോട് ഗവ. യു.പി സ്കൂളിലെ പ്രീ പ്രൈമറി, സ്റ്റുഡന്റ്സ് സോഷ്യൽ സർവീസ് സ്കീമിലെ കുട്ടികൾ പഠന പ്രവർത്തനത്തിന്റെ ഭാഗമായ ഫീൽഡ് ട്രിപ്പുമായാണ് കുട്ടി പൊലീസുകാരോടൊപ്പം സ്റ്റേഷനിലെത്തിയത്. രാവിലെ ജോലിയുടെ ഭാഗമായുള്ള നിരവധി ടെൻഷനുകളുമായി ഓഫീസിലെത്തിയ പൊലിസുകാർ പൊലീസ് വേഷം ധരിച്ചെത്തിയ ഇവരെ കണ്ടതോടെ പൊട്ടിച്ചിരിച്ചും സല്യൂട്ട് നൽകിയും ഹർഷാരവത്തോടെയുമാണ് സ്വീകരിച്ചത്. ജില്ലയിലെ ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ കൂടിയാണ് കുന്നത്തുനാട്.
സ്റ്റേഷനിലെത്തി സൗഹൃദം സ്ഥാപിച്ചതോടെ അതു വരെ പൊലിസെന്നു കേട്ടാൽ പേടിച്ചിരുന്ന കുട്ടിക്കൂട്ടങ്ങൾക്ക് ഒരു ലാത്തി വേണം; കൂടെ തോക്കും. പൊലീസ് ഇൻസ്പെക്ടർ വി.പി. സുധീഷിനോടാണ് ആവശ്യം ഉന്നയിച്ചത്. ലാത്തി എന്താണെന്നും തോക്കിന്റെ ഉപയോഗവും ഇൻസ്പെക്ടർ പറഞ്ഞതോടെ ചെറിയ തോക്കു കണ്ടാൽ പോരാ വലുതു തന്നെ കാണണമെന്നായി. സ്റ്റേഷനിലെ റൈഫിൾ കാണിച്ച് ഉപയോഗം വിവരിച്ചപ്പോഴാണ് സംശയം തീർന്നത്.
മിഠായി നൽകിയാണ് കുട്ടികളെ സ്റ്റേഷനിൽ സ്വീകരിച്ചത്. ഹെഡ്മിസ്ട്രസ് കെ.എം. മേരി, ടി.എം. നജീല എന്നിവരോടൊപ്പം 100 കുട്ടികളാണ് ഉണ്ടായിരുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.