ചതിക്കുഴിയൊരുക്കി കുടുംബശ്രീയുടെ ഭവന നിർമാണം
text_fieldsഅടച്ചുറപ്പുള്ള വീട്, കുടിവെള്ളം, വൈദ്യുതി, റോഡ്-ജലസേചനം, തൊഴിലവസരങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യ സംവിധാനങ്ങൾ എന്നിവ ഉറപ്പുവരുത്തി ആദിവാസി സമൂഹത്തിെൻറ സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ട് വിഭാവനം ചെയ്ത പദ്ധതിയാണ് 'ആദിവാസി പുനരധിവാസം'. ആദിവാസി പുനരധിവാസ മിഷൻ പട്ടികവർഗ വകുപ്പ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
എന്നാൽ, ഇത് ജീവിതത്തെ കൂടുതൽ ദുരിതക്കയത്തിലേക്ക് തള്ളിയിട്ട കാഴ്ചകളാണ് കാണാനാകുന്നത്. ജില്ലയിൽ എടക്കാട്ടുവയൽ, നേര്യമംഗലം, പന്തപ്ര എന്നിവിടങ്ങളിലാണ് ഭൂരഹിതരായ ആദിവാസികൾക്ക് പുനരധിവാസ കേന്ദ്രങ്ങൾ ഒരുക്കിയത്. 2013ലാണ് എടക്കാട്ടുവയലിൽ പ്രവർത്തനങ്ങൾ തുടങ്ങിയത്. കഴിഞ്ഞ എട്ടുവർഷം സർക്കാർ ഇവിടെ നടത്തിയ പ്രവർത്തനത്തെക്കുറിച്ച് 'മാധ്യമം' അന്വേഷണം ഇന്നുമുതൽ...
തൃപ്പൂണിത്തുറ-തലയോലപ്പറമ്പ് റോഡിൽ കാഞ്ഞിരമറ്റത്തുനിന്ന് മൂന്ന് കിലോമീറ്റർ ഉള്ളിലാണ് എടക്കാട്ട് വയൽ ആദിവാസി ഗ്രാമം. നല്ല ചരിവുള്ള കുന്നിൻപ്രദേശം. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത കൂട്ടുകുടുംബത്തിലോ വാടകയ്ക്കോ ബന്ധുമിത്രാദികളോടൊപ്പമോ താമസിച്ചിരുന്നവരാണ് കണയന്നൂർ താലൂക്കിലെ എടക്കാട്ടുവയൽ വില്ലേജിലെ പുനരധിവാസ കേന്ദ്രത്തിലെത്തിയത്. പദ്ധതിപ്രകാരം 2013ലാണ് ഉള്ളാടൻ ഗോത്രവിഭാഗക്കാരായ 86 ആദിവാസി കുടുംബങ്ങൾക്ക് ആറ് സെൻറ് വീതം നൽകിയത്. എന്നാൽ, ഭൂമിക്ക് പട്ടയം ലഭിച്ചവരിൽ 26 കുടുംബം മാത്രമാണ് ഇപ്പോൾ പുനരധിവാസ കേന്ദ്രത്തിൽ താമസിക്കുന്നത്. 60 കുടുംബങ്ങളെക്കുറിച്ച് ഇവിടെ താമസിക്കുന്നവർക്ക് അറിയില്ല. പുനരധിവാസ കേന്ദ്രത്തിലെ ജീവിതദുരിതം തിരിച്ചറിഞ്ഞായിരിക്കാം ഇവർ പിൻവാങ്ങിയത്. ഗുണഭോക്താക്കളുടെതന്നെ ശ്രമഫലമായി കാടുവെട്ടിത്തെളിച്ചാണ് പാർപ്പിട സൗകര്യങ്ങൾ ഒരുക്കിയത്. കീരി, മലമ്പാമ്പ്, നീർനായ, പാമ്പുകൾ തുടങ്ങിയവയായിരുന്നു ഇവിടെ വസിച്ചിരുന്നത്.
തറയിൽ കിടന്നാൽ സിമന്റ് മൂടും
കുടുംബശ്രീ 2014ൽ ഒമ്പത് വീടും രണ്ടാംഘട്ടത്തിൽ 2015ൽ 19 വീടും നിർമാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറിയെന്നാണ് കണക്ക്. താക്കോൽ കിട്ടിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നുവെന്ന് ആദ്യം കൈമാറിയ വീടുകളൊന്നിൽ താമസിക്കുന്ന യോഹന്നാൻ പറഞ്ഞു. ഓടുമേഞ്ഞ മേൽക്കൂരയോടുകൂടിയ വീടാണ് ലഭിച്ചത്. എന്നാൽ, വീടിന് അകത്തുകയറി നിലത്തുകിടന്ന് എഴുന്നേറ്റപ്പോൾ കുമ്പളങ്ങ പോലെയായി തെൻറ ദേഹം. വീടിെൻറ തറയിലെ സിമൻറ് പൊടി മുഴുവൻ ദേഹത്തുണ്ട്. തുടർന്നാണ് വീട് പരിശോധിച്ചത്. കിടന്നുറങ്ങാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത വീടുകൾ. ഇളകിപ്പോകുന്ന കതകുകളും ജനാലകളും.
മേൽക്കൂരയിൽ മരത്തിെൻറ ഉരുപ്പടിക്ക് പകരം വളരെ കനംകുറഞ്ഞ കമ്പി. ഓടിെൻറ ഭാരം താങ്ങാനാവാതെ കമ്പിവളഞ്ഞ് പലപ്പോഴും ഓടുകൾ ഇളകിവീണു. ഊരിലുള്ള ഓരോരുത്തരെയും ഭവനനിർമാണം നടത്തുന്നതിന് മുമ്പ് കുടുംബശ്രീ പ്ലാൻ കാണിച്ചിരുന്നു. എന്നാൽ, പ്ലാൻ അനുസരിച്ചുള്ള വീടുകളല്ല ലഭിച്ചത്. തറയിൽ ശരിയായ രീതിയിൽ പ്ലാസ്റ്ററിങ് സംവിധാനം ചെയ്യാത്തതിനാൽ സിമൻറ് പൊടിയായി അടർന്നു പൊയ്ക്കൊണ്ടിരിക്കുന്നു. വീടുകളുടെ അടിസ്ഥാനം പോലും ശരിയായ രീതിയിലല്ല പണിതിരിക്കുന്നത്. മണ്ണിന് മുകളിൽ കട്ടനിരത്തി വീട് കെട്ടി. 400 ച.അടി വീട് നിർമിക്കാൻ രണ്ടര ലക്ഷം രൂപയാണ് 2014ൽ കുടുംബശ്രീക്ക് പട്ടികവർഗ വകുപ്പ് നൽകിയത്. ഇത് വീട് പൂർത്തീകരിച്ചപ്പോൾ 270 ച. അടിയായി ചുരുങ്ങി. വീടിെൻറ മതിലിലെ സിമൻറ് അടക്കം പൊടിയായി ഇളകിവീഴുന്നു. ശുചിമുറിക്ക് മേൽമൂടിയില്ല. അതേസമയം, സ്ലാബ് ഇട്ടുവെന്നാണ് പട്ടികവർഗ വകുപ്പിന് റിപ്പോർട്ട് നൽകിയത്. ഒരാൾക്കുപോലും നിന്നുതിരിയാൻ സ്ഥലമില്ലാത്ത അടുക്കള. വീട്ടുജോലിക്ക് പോകുന്ന ഇന്ദുകല പറഞ്ഞത് വീട്ടിൽ നല്ലൊരു അടുക്കള പണിതിട്ട് മരിക്കണമെന്നാണ് തെൻറ ആഗ്രഹമെന്നാണ്. മിക്ക വീടുകളിലും പുറത്ത് അടുപ്പ് ഒരുക്കിയാണ് പാചകം ചെയ്യുന്നത്.
തട്ടിപ്പിന് കുടപിടിച്ചത് ഉദ്യോഗസ്ഥർ
രണ്ടാംഘട്ടത്തിൽ നിർമിച്ചത് കോൺക്രീറ്റ് മേൽക്കൂരയോടുകൂടിയ വീടുകളാണെങ്കിലും മഴക്കാലത്ത് മേൽക്കൂരയിലൂടെ വെള്ളം ഇറങ്ങും. പല വീടുകളും വെള്ളം കയറി ഉപയോഗ ശൂന്യമാണ്. ഒരു കുടുംബത്തിനുപോലും ജീവിക്കാനാവാത്ത ഇടുങ്ങിയ വീടുകളിൽ ചില കൂട്ടുകുടുംബങ്ങളും താമസിക്കുന്നു.
ഇക്കാര്യം മുൻ കലക്ടർ രാജമാണിക്യം ഊര് സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന് ബോധ്യമായതാണെന്ന് ഊരു നിവാസികൾ പറയുന്നു. കുടുംബശ്രീ പട്ടികവർഗ വകുപ്പിൽനിന്ന് വീട് നിർമാണത്തിനുള്ള തുക കൈപ്പറ്റി പറ്റിച്ചെന്നാണ് ആദിവാസികൾ പറയുന്നത്. ആദിവാസി മേഖലയിലെ പട്ടിണി അകറ്റാൻ സാമൂഹിക അടുക്കള നടത്താനും അംഗൻ വാടികളിൽ പോഷകാഹാരപ്പൊടി വിതരണം ചെയ്യുന്നതിലും കുടുംബശ്രീ നടത്തുന്ന തട്ടിപ്പ് നേരത്തേ പുറത്തുവന്നിരുന്നു.
ആദിവാസികളുടെ വീട് നിർമാണത്തിൽ കുടുംബശ്രീ നടത്തിയ തട്ടിപ്പിന് കുടപിടിച്ചത് പട്ടികവർഗ ഉദ്യോഗസ്ഥരാണെന്നാണ് വിവരം.
വീട് നിർമാണത്തിെൻറ ഒരു ഘട്ടത്തിലും ഉദ്യോഗസ്ഥർ ഫീൽഡ്തല പരിശോധന നടത്താതെ കുടുംബശ്രീക്ക് തുക അനുവദിച്ചു.
അതേസമയം, സ്വന്തമായി വീട് നിർമിക്കുന്ന ഗുണഭോക്താക്കളുടെ ഘട്ടം ഘട്ടമായി നൽകേണ്ട തുക നിസ്സാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി തടയുകയും ചെയ്തു. ഭവനനിർമാണത്തിൽ പട്ടികവർഗവകുപ്പിലെ ഉദ്യോഗസ്ഥരും കുടുംബശ്രീയും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ടിെൻറ അടയാളമാണ് വാസയോഗ്യമല്ലാത്ത വീടുകൾ. ആദിവാസികൾക്ക് വാസയോഗ്യമായ വീടൊരുക്കുന്നതിൽ പട്ടികവർഗവകുപ്പ് പരാജയപ്പെട്ടുവെന്നാണ് എടക്കാട് വയൽ പറയുന്ന കഥ.
(നാളെ: ഇരുളിലാണ്ട ഊര്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.