തട്ടിയും മുട്ടിയും നിർമാണ തൊഴിലാളികളുടെ ജീവിതം
text_fieldsകൊച്ചി: 'എത്ര നാളെന്ന് വെച്ച് വീട്ടിലിരിക്കും. കിട്ടുന്ന കൂലിക്ക് ജോലിക്ക് പോകുക തന്നെ' -ആലുവക്ക് അടുത്ത ഷോപ്പിങ് േക്ലാംപ്ലക്സ് നിർമാണത്തിനിടയിൽനിന്ന് ദാസൻ പറയുന്നു. മറ്റൊരു കമ്പനിയിൽ ജോലിക്കാരനായിരുന്നു ഇദ്ദേഹം. ലോക്ഡൗണിൽ കമ്പനി നിശ്ചലമായതോടെ സുഹൃത്തുക്കൾക്ക് ഒപ്പം കെട്ടിട നിർമാണ േജാലിക്ക് പോയിത്തുടങ്ങി.
'ഭായിമാരെ കിട്ടാനില്ലാതായതോടെയാണ് എന്നെ ഉൾപ്പെടെ ജോലിക്ക് വിളിച്ചത്. അവർ ചെയ്തിരുന്ന ഹെൽപർ ജോലി ചെയ്യണം. താഴെനിന്ന് സിമൻറ് ഇഷ്ടികയും മെറ്റലുമൊക്കെ മൂന്ന് നില വരെ കയറ്റി എത്തിക്കണം. ശാരീരിക അധ്വാനം കൂടുതലാണ്' -ദാസെൻറ വാക്കുകൾ.ലോക്ഡൗണിനുശേഷം ജില്ലയിൽ നിർമാണ തൊഴിൽ മേഖല സാവധാനം ഉണർന്നുവരികയാണ്. പാതിവഴിയിൽ നിർത്തിവെച്ച കെട്ടിടം പണികൾ തീർക്കുന്ന ജോലിയാണ് പ്രധാനമായും നടക്കുന്നത്. അതും ചെറുകിട നിർമാണങ്ങൾ മാത്രം. വീടിെൻറയും വ്യാപാര സ്ഥാപനങ്ങളുടെയും അറ്റകുറ്റപ്പണികൾ തീർക്കുന്ന ജോലികളാണ് കൂടുതലും.
'താമസിക്കുന്നത് പെരുമ്പാവൂരിലാണ്. ഇപ്പോൾ ജോലി കിട്ടിയത് ചാലക്കുടിയിലും. പോക്കുവരവ് കോൺട്രാക്ടർ ഏർപ്പെടുത്തിയ വണ്ടിയിൽ. മുടങ്ങിക്കിടന്ന ജോലികൾ തീർക്കുന്നതിനായി വരുന്ന ദിവസങ്ങളിലൊക്കെ പണിയുണ്ട്' -തമിഴ്നാട് സ്വദേശിയായ ചന്ദ്രൻ പറയുന്നു.മേസ്ത്തിരിക്ക് 1100 രൂപ, ഹെൽപർക്ക് 750-800 രൂപ, അന്തർ സംസ്ഥാന തൊഴിലാളിക്ക് 650-750 രൂപ എന്നിങ്ങനെയാണ് കൂലി. ടൈൽ പണിക്ക് മേസ്ത്തിരിക്ക് 1250 രൂപയും ഹെൽപർമാർക്ക് 800-850 രൂപയും ലഭിച്ചിരുന്നു.
നിർമാണ സാമഗ്രികൾ മുകൾനിലകളിലേക്ക് കയറ്റുന്നയാൾക്ക് 900 രൂപയും. ഈ നിരക്കിൽ തുടർന്നും കൂലി ലഭിക്കുമോയെന്ന സംശയം പ്രകടിപ്പിക്കുകയാണ് നിർമാണ തൊഴിലാളികൾ. കോവിഡ് പശ്ചാത്തലത്തിൽ കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത് രണ്ടുവർഷം പൂർത്തിയാക്കിയവർക്ക് 1000 രൂപ ധനസഹായം ലഭിച്ചിരുന്നു. ഒരുലക്ഷം നിർമാണതൊഴിലാളികൾ ജില്ലയിലുണ്ട്.
ഇവർക്ക് പുറമെയായിരുന്നു അന്തർ സംസ്ഥാന തൊഴിലാളികൾ. ചെറുകിട നിർമാണം കൊണ്ട് ഉപജീവനം നടത്തുന്നവരാണ് തദ്ദേശീയ തൊഴിലാളികളിൽ ഭൂരിപക്ഷവും. അന്തർ സംസ്ഥാന തൊഴിലാളികൾ കുറഞ്ഞതോടെ തദ്ദേശീയരെ മാത്രം ഉൾപ്പെടുത്തി നിർമാണം നടത്താൻ മടിക്കുകയാണ് കെട്ടിടം കരാറുകാർ. കൂലി നൽകാനായി കൂടുതൽ തുക വേണമെന്നതാണ് കാരണം. ഒരാൾക്ക് ദിനംപ്രതി 250 രൂപയെങ്കിലും കൂടുതൽ കാണണമെന്ന് അവർ വ്യക്തമാക്കുന്നു.
റോഡ്, ഫ്ലാറ്റ് ഉൾപ്പെെടയുള്ള വൻകിട നിർമാണങ്ങൾ നിലച്ചതോടെ വലിയ വിഭാഗം നിർമാണ തൊഴിലാളികളുടെ ജീവിത വഴിയടഞ്ഞു. സാമ്പത്തിക മേഖലയിൽ ഉണർവ് ഉണ്ടായാൽ മാത്രമേ ഈ മേഖലയിൽ പണികൾ പുനരാരംഭിക്കൂ.
ആയിരങ്ങൾ ദുരിതത്തിൽ –ഐ.എൻ.ടി.യു.സി
ജില്ലയിൽ ഐ.എൻ.ടി.യു.സിയുടെ കീഴിൽ 25,000 നിർമാണ തൊഴിലാളികൾ ഉണ്ടെന്നും അവരിൽ ഭൂരിപക്ഷവും ജോലിയില്ലാതെ ദുരിതത്തിലാണെന്നും ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് കെ.കെ. ഇബ്രാഹിംകുട്ടി പറഞ്ഞു. ചെറിയ വർക്കുകളാണ് ഇപ്പോൾ നടക്കുന്നത്. കുറച്ചുപേർക്ക് മാത്രമേ സ്ഥിരമായി ജോലി കിട്ടുന്നുള്ളൂ. അന്തർസംസ്ഥാന തൊഴിലാളികൾ പോയതോടെ നിർമാണങ്ങൾ ഏറെയും നിർത്തിവെച്ചു. സർക്കാർ നിർമാണ തൊഴിലാളികളെ പരിഗണിക്കുന്നില്ല. ക്ഷേമനിധി ബോർഡ് നൽകിയ ആനുകൂല്യം എല്ലാ തൊഴിലാളികൾക്കും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.