കനത്ത മഴയിൽ കാക്കനാട്ട് മണ്ണിടിച്ചിൽ
text_fieldsകാക്കനാട്: കനത്ത മഴയിൽ കാക്കനാട് പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ തുടർക്കഥയാകുന്നു. ശനിയാഴ്ച പുലർച്ച കാക്കനാട് തുതിയൂരിലാണ് എട്ട് കുടുംബങ്ങളെ ഭീതിയിലാഴ്ത്തി മണ്ണിടിച്ചിൽ ഉണ്ടായത്. തുതിയൂർ ആനമുക്ക് ഗ്രന്ഥശാലക്ക് സമീപം താമസിക്കുന്ന എട്ട് വീട്ടുകാരാണ് മണ്ണിടിച്ചിലിൽ ദുരിതത്തിലായത്. കണിയാമോളത്ത് ഹരീഷ്, പകോതി പറമ്പിൽ സേവ്യർ, പള്ളിപറമ്പിൽ പീറ്റർ എന്നിവരുടെ വീടിനോട് ചേർന്ന ഭാഗത്താണ് മണ്ണിടിഞ്ഞത്. 30 അടി താഴ്ചയിലേക്ക് ഒരുഭാഗം ഇടിഞ്ഞുതാഴുന്നതുമൂലം വീടുകൾ അപകടാവസ്ഥയിലായിരിക്കുകയാണ്. സംരക്ഷണഭിത്തി കെട്ടി വീടുകൾക്ക് സംരക്ഷണം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ രാധാമണിപിള്ള പ്രതിപക്ഷ നേതാവ് എം.കെ. ചന്ദ്രബാബു എന്നിവർ സ്ഥലം സന്ദർശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അത്താണി കീരേലി മലയിലും വികാസവാണി-തേവക്കൽ റോഡിലും ചിറ്റേത്തുകരയിലും അത്താണിയിലും മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.
ശക്തമായ മഴയിൽ വെള്ളക്കെട്ടും മതിലിടിച്ചിലും ഇടിമിന്നലിൽ വീടിന് നാശനഷ്ടവും ഉണ്ടായി. രാത്രി തുടരെ പെയ്ത മഴയിലാണ് കളമശ്ശേരി റോക്ക്വെൽ റോഡിൽ വൈദ്യുതി ബോർഡിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം തകർന്നുവീണത്. കൂടാതെ, കൊച്ചി സർവകലാശാല സ്കൂൾ ഓഫ് എൻജിനീയറിങ്ങിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗവും തകർന്ന് വീണു. മഴയിൽ കളമശ്ശേരി ഗവ. ഹൈസ്കൂളിനുസമീപം വീടുകളിലും സുന്ദരഗിരി റോഡിലെ വീടുകളിലെ മുൻഭാഗങ്ങളിലും വെള്ളം ഉയർന്നു. രാത്രി വെള്ളം ഉയർന്നത് കുടുംബങ്ങളെ ആശങ്കയിലാക്കി. മഴക്കിടെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ ഏലൂർ മഞ്ഞുമ്മലിൽ ജോസഫ് ജെറാൾഡിന്റെ വീടിന്റെ ഒന്നാം നിലക്ക് കേടുപാടും വീടിനകത്തെ ഇലക്ട്രിക് ഉപകരണങ്ങൾക്കും കേടുപാടുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.