പൊതുനിരത്തിൽ വൻതോതിൽ ശൗചാലയ മാലിന്യം തള്ളി
text_fieldsപള്ളുരുത്തി: ഇടക്കൊച്ചി പൊതുനിരത്തിൽ വൻതോതിൽ ശൗചാലയ മാലിന്യം തള്ളി. ഇടക്കൊച്ചി അക്വിനാസ് കോളജിനു മുൻവശത്തായാണ് ലോഡ് കണക്കിന് മാലിന്യം തള്ളിയത്.
ഇത് റോഡിലേക്കും സമീപത്തെ കാനകളിലേക്കും ഒഴുകുന്നതിനാൽ മൂക്ക് പൊത്താതെ ഇതുവഴി നടക്കാനാകാത്ത സ്ഥിതിയാണ്. മാലിന്യം സമീപത്തെ വെള്ളക്കെട്ടില്‍ നിറഞ്ഞു കിടക്കുന്നതിനാല്‍ പകര്‍ച്ചവ്യാധി ഭീഷണിയുമുണ്ട്. സമീപത്തെ റോഡിലേക്കും ഒഴുകി നീങ്ങിയിട്ടുണ്ട്. കക്കൂസ് മാലിന്യം ശേഖരിക്കുന്ന ഒട്ടേറെ ടാങ്കർ ലോറികൾ പകൽ ഈ ഭാഗങ്ങളിൽ പാർക്ക് ചെയ്യുന്നുണ്ട്. രാത്രി ടാങ്കർ ലോറികളിൽ ശേഖരിക്കുന്ന മാലിന്യം കാനകളിലേക്ക് നിക്ഷേപിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിനിടെയാണ് പൊതുനിരത്തിൽ ശൗചാലയമാലിന്യം തള്ളിയിരിക്കുന്നത്. കൗൺസിലർ ജീജ ടെൻസൺ നൽകിയ പരാതിയെ തുടർന്ന് പള്ളുരുത്തി പൊലീസ് സ്ഥലത്തെത്തി.
ഇവിടെ റോഡരികിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ നഗരസഭ ആരോഗ്യ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തൊഴിലാളികളില്ല; റോഡുകളിൽ മാലിന്യം നിറയുന്നു
മട്ടാഞ്ചേരി: കൊച്ചി നഗരസഭയിൽ മാലിന്യം കുമിഞ്ഞ് കൂടുന്നു. ആവശ്യത്തിന് തൊഴിലാളികളില്ലാത്തതാണ് പ്രശ്നം.
നഗരത്തിൽ മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് വേണ്ടി ഹീൽ പദ്ധതി കൊണ്ടുവരികയും ഓരോ വാർഡുകളിലും കൊതുക് നിവാരണ പ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും അഞ്ച് തൊഴിലാളികളെ വീതം കരാർ അടിസ്ഥാനത്തിൽ നിയമിക്കുകയും ചെയ്തിരുന്നു.
എന്നാൽ, മാർച്ച് 31 മുതൽ ഈ തൊഴിലാളികളുടെ കാലാവധി കഴിഞ്ഞു. അടുത്ത ആറ് മാസകാലത്തേക്കുള്ള അനുമതിയും പ്രതീക്ഷിച്ച് ഈ തൊഴിലാളികൾ കാത്തിരിക്കുകയാണ്. 355 കരാർ തൊഴിലാളികളാണ് ഇത്തരത്തിൽ പുറത്ത് നിൽക്കുന്നത്. എന്നാൽ, എംപ്ലോയ്‌മെന്‍റിൽ നിന്നുള്ള 180 തൊഴിലാളികളുടെ നിയമനത്തിനായുള്ള ഫയൽ മേയറുടെ മേശപുറത്തിരിക്കുകയാണെന്നാണ് പ്രതിപക്ഷം പറയുന്നത്. ഹെൽത്ത് സർക്കിളുകളിൽ നിലവിലുള്ള സി.എൽ.ആർ ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്നതിന് എംപ്ലോയ്‌മെന്റ് ലിസ്റ്റിലുള്ള 180 പേരുടെ നിയമനം നടത്തിയാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
ഹീൽ പദ്ധതിയിൽ ഉള്ള തൊഴിലാളികളെയോ സി.എൽ.ആർ ജീവനക്കാരെയോ അടിയന്തരമായി മേയർ നിയമിച്ചില്ലെങ്കിൽ നഗരത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ താളം തെറ്റുമെന്ന് പ്രതിപക്ഷ നേതാവ് ആന്‍റണി കുരീത്തറ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.