മീഡിയനുകളിൽ നട്ടുപിടിപ്പിച്ച പുൽത്തകിടി കാർ കയറ്റി നശിപ്പിച്ചു
text_fieldsമൂവാറ്റുപുഴ: നഗര സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി മീഡിയനുകളിൽ നട്ടുപിടിപ്പിച്ച പുൽത്തകിടികൾ വാഹനം കയറ്റി നശിപ്പിച്ചു. നഗരത്തിലെ വെള്ളൂർക്കുന്നം സിഗ്നൽ ജംക്ഷന് സമീപത്തെ മീഡിയനുകളിൽ കഴിഞ്ഞ ദിവസം നിർമിച്ച പുൽത്തകിടികളാണ് വെള്ളിയാഴ്ച രാത്രി നശിപ്പിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് ചാലിക്കടവ് പാലത്തിനു സമീപത്തെ മീഡിയനുകളിലെ പുൽത്തകിടി കന്നുകാലികൾ തിന്നു തീർത്തിരുന്നു. പുല്ല് തിന്നു തീർത്തതിനു പുറമേ ഇവിടെയാകെ കുഴികൾ രൂപപ്പെടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് വെള്ളൂർക്കുന്നത്ത് കഴിഞ്ഞ രാത്രി രണ്ട് മീഡിയകളിൽ വാഹനം കയറ്റി പുൽത്തകിടി പൂർണമായി നശിപ്പിച്ചിരിക്കുന്നത്.
പെരുമ്പാവൂർ ഭാഗത്തു നിന്നും എത്തിയ വാഹനമാണ് മീഡിയനുകളിലേക്ക് ഇടിച്ചു കയറ്റിയിരിക്കുന്നത്. പുല്ലുകൾ പൂർണമായി നശിക്കുകയും കുഴികൾ രൂപപെടുകയും ചെയ്തു. സംഭവമറിഞ്ഞ് നഗരസഭ ചെയർമാൻ അടക്കമുള്ളവർ സ്ഥലത്തെത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു.
രാത്രി 2.17ന് പെരുമ്പാവൂർ ഭാഗത്തുനിന്നും എത്തിയ വാഗണാർ കാർ മീഡിയനിൽ ഇടിച്ചുകയറ്റിയ ശേഷം റോഡിൽ നിറുത്തിയിടുന്നതും പിന്നാലെയെത്തിയ മൂന്നു കാറുകൾ സംഭവ സ്ഥലത്ത് നിറുത്തി കാറിലുണ്ടായിരുന്നവർ ഇറങ്ങി മീഡിയനിൽ പരിശോധന നടത്തുന്നതും ദൃശ്യങ്ങളിൽ കണ്ടതായി മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു.
കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപെട്ട് നഗരസഭ അധികൃതർ പൊലീസിൽ പരാതി നൽകി. പ്രമുഖ പരിസ്ഥിതി സംഘടനയായ ട്രീ -യുടെ നേതൃത്വത്തിലാണ് നഗര സൗന്ദര്യവൽക്കരണ പദ്ധതി നടന്നു വരുന്നത്. കഴിഞ്ഞ ഒരു മാസമായി ഇതിെൻറ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
നഗരത്തിലെ മീഡിയനുകളുടെ അറ്റകുറ്റപ്പണികൾ നടത്തി പുൽത്തകിടികൾ വിരിച്ച് പാം മരങ്ങളും പൂച്ചെടികളും നട്ടുപിടിപ്പിച്ച് മനോഹരമാക്കുന്നതാണ് പദ്ധതി. വിലകൂടിയ മെക്സിക്കൻ ഗ്രാസ് ആണ് മീഡിയനിൽ വച്ചുപിടിപ്പിച്ചിരിക്കുന്നത്. അഞ്ച് വർഷത്തേക്ക് ചെടികളുടെയും പുൽത്തകിടികളുടെയും പരിചരണം ഉൾപ്പെടെയാണ് സംഘടന ഏറ്റെടുത്തു നടപ്പാക്കുന്നത്.
ലക്ഷകണക്കിന് രൂപ മുടക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. നഗരസഭയ്ക്ക് ഒരു രൂപ പോലും മുതൽ മുടക്കില്ലാതെയാണ് ട്രി ഇത്തരമൊരു പ്രവർത്തനം നടത്തുന്നത്. നഗരത്തിലെ പി.ഒ ജംങ്ഷൻ, കച്ചേരിത്താഴം, നെഹൃ പാർക്ക് , വെള്ളൂർക്കുന്നം, ചാലിക്കടവ്, തുടങ്ങി എല്ലായിടത്തെയും മീഡിയനുകളും, റൗണ്ടുകളും മനോഹരമാക്കുന്ന നഗരസൗന്ദര്യവൽക്കരണ പദ്ധതി അവസാന ഘട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.