യു.ഡി.എഫ് കോട്ടയിൽ ഇടതു പോരാട്ടം
text_fieldsകൊച്ചി: മണ്ഡലം രൂപം കൊണ്ട 2011ന് ശേഷം നടന്ന രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് വിജയിച്ച തൃക്കാക്കരയിൽ എൽ.ഡി.എഫിന് കനത്ത പോരാട്ടം നടത്തണമെങ്കിൽ പോലും കരുത്തനായ സ്ഥാനാർഥിയെ കണ്ടെത്തേണ്ടി വരും.
എന്നാൽ, തങ്ങളുടെ ഉറച്ച കോട്ട തട്ടിയെടുക്കാനാകില്ലെന്ന ഉറച്ച വിശ്വാസമാണ് യു.ഡി.എഫിെൻറ കരുത്ത്. തദ്ദേശ തെരഞ്ഞെടുപ്പിൽ തൃക്കാക്കര നഗരസഭ ഭരണം പിടിച്ചതും മണ്ഡലത്തിെൻറ ഭാഗമായ കൊച്ചി കോർപറേഷൻ ഡിവിഷനുകളിൽ നല്ല പ്രകടനം കാഴ്ചവെച്ചതും യു.ഡി.എഫിെൻറ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനേക്കാൾ 2237 വോട്ടിെൻറ മാത്രം കുറവാണ് തങ്ങൾക്കെന്നത് എൽ.ഡി.എഫ് ക്യാമ്പിനും കരുത്തേകുന്നു.
ജില്ല ആസ്ഥാനവും സ്മാർട്ട് സിറ്റി അടക്കം സംസ്ഥാനത്തിെൻറ െഎ.ടി ഹബ്ബുമായ തൃക്കാക്കര പൂർണമായും നഗരമേഖലയിലെ മണ്ഡലമാണ്. നാട്ടുകാരോടൊപ്പം ജോലി ആവശ്യാർഥം വിവിധ ഭാഗങ്ങളിൽ നിന്നെത്തി താമസമാക്കിയവർക്കും സ്വാധീനമുള്ള മണ്ഡലമാണിത്. 2011 വരെ തൃപ്പൂണിത്തുറ മണ്ഡലത്തിെൻറ ഭാഗമായിരുന്നു. 1957, 1960 വർഷങ്ങളിൽ കണയന്നൂരും പിന്നീട് തൃപ്പൂണിത്തുറയുമായി മാറിയ തൃക്കാക്കര അടങ്ങുന്ന മണ്ഡലത്തിൽനിന്ന് സി.പി.എം നേതാവും മുൻ മന്ത്രിയുമായിരുന്ന ടി.കെ രാമകൃഷ്ണനാണ് ഏറ്റവുമധികം തെരഞ്ഞെടുക്കപ്പെട്ടത്; ആറ് തവണ. പോൾ പി. മാണി, കെ.ജി.ആർ കർത്ത എന്നിവരോട് രണ്ട് തവണ രാമകൃഷ്ണൻ പരാജയപ്പെട്ടു. 1987ൽ മുൻ മന്ത്രി വി. വിശ്വനാഥ മേനോൻ തെരഞ്ഞെടുക്കപ്പെട്ടതാണ് എൽ.ഡി.എഫിെൻറ അവസാന വിജയം.
1991ൽ കോൺഗ്രസിന് വേണ്ടി മണ്ഡലം പിടിച്ച കെ. ബാബു 1996, 2001, 2006 തെരഞ്ഞെടുപ്പുകളിൽ വിജയം ആവർത്തിച്ചു.
പിന്നീട് തൃക്കാക്കര ഇല്ലാത്ത തൃപ്പൂണിത്തുറ മണ്ഡലത്തിലാണ് ബാബു മത്സരിച്ചത്. തൃക്കാക്കര മണ്ഡലം രൂപവത്കരിച്ച ശേഷം 2011ൽ കോൺഗ്രസിലെ ബെന്നി ബഹന്നാനും നിലവിൽ സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറിയായ എം. ഇ ഹസൈനാരും തമ്മിലായിരുന്നു മത്സരം. 22,406 വോട്ടിെൻറ ഭൂരിപക്ഷത്തിൽ ബെന്നി ബഹന്നാൻ മണ്ഡലത്തിലെ ആദ്യ വിജയിയായി. കോൺഗ്രസിൽ അത്ര പരിചിതമല്ലാത്ത സ്ഥാനാർഥി നിർണയമാണ് 2016ലുണ്ടായത്. സിറ്റിങ് എം.എൽ.എ ബെന്നി ബഹന്നാന് പകരം പി.ടി. തോമസിനെ രംഗത്തിറക്കി. എൽ.ഡി.എഫ് സ്ഥാനാർഥി മുൻ എം.പിയും എം.എൽ.എയുമായ സെബാസ്റ്റ്യൻ പോളിനെ 11,966 വോട്ടിന് പി.ടി. തോമസ് തോൽപ്പിച്ചു.
2011നേക്കാൾ 10.46 ശതമാനം വോട്ടിെൻറ കുറവ് 2016ൽ യു.ഡി.എഫിനുണ്ടായി. എൽ.ഡി.എഫിെൻറ 6.032 ശതമാനം വോട്ടും കുറഞ്ഞു. എന്നാൽ, ബി.ജെ.പിക്ക് 10.66 ശതമാനം വോട്ടിെൻറ വർധനയാണുണ്ടായത്. എസ്.ഡി.പി.ഐ, ബി.എസ്.പി സ്ഥാനാർഥികൾക്ക് ലഭിച്ചത് ആയിരത്തിൽ താെഴ വോട്ടു മാത്രം.
ലോക്സഭ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽനിന്ന് വിജയിച്ച യു.ഡി.എഫിലെ ഹൈബി ഈഡന് തൃക്കാക്കര നൽകിയത് 31,777 വോട്ടിെൻറ ഭൂരിപക്ഷമാണ്. ശക്തനായ സ്ഥാനാർഥിയെ ഇറക്കിയാൽ മണ്ഡലം പിടിക്കാമെന്നുമാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ. വോട്ട് വ്യത്യാസം രണ്ടാമത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞതും തൃക്കാക്കര മണ്ഡലത്തിെൻറ ഭാഗങ്ങളടങ്ങുന്ന കൊച്ചി കോർപറേഷൻ ഭരണം തിരിച്ചു പിടിച്ചതും എൽ.ഡി.എഫിന് ആത്മവിശ്വാസം നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.