വയോജന കമീഷൻ രൂപവത്കരിക്കാൻ നിയമനിർമാണം നടത്തും -മന്ത്രി ആർ. ബിന്ദു
text_fieldsമൂവാറ്റുപുഴ: വയോജന പാർക്കുകൾക്ക് പുറമെ വയോജനക്ലബുകളും തുടങ്ങുന്നത് സർക്കാർ പരിഗണിച്ചു വരുകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. സംസ്ഥാനത്ത് വയോജന കമീഷൻ രൂപവത്കരിക്കുന്നതിന് നിയമ നിർമാണം നടത്തുന്നതും സർക്കാർ പരിഗണനയിലാണെന്നും അവർ പറഞ്ഞു.
മഞ്ഞള്ളൂരിൽ സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർമിച്ച സായന്തനം വയോജന പാർക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വയോജനങ്ങളെ പരിചരിക്കുന്ന ഹോം നഴ്സുമാർക്ക് ശാസ്ത്രീയ പരിശീലനം നൽകാനും നിയമം കൊണ്ടുവരും. പ്രമേഹ ബാധിതർക്കുള്ള വയോമധുരം, പല്ല് മാറ്റിവെക്കുന്നതിനുള്ള മന്ദഹാസം, മുനിസിപ്പാലിറ്റികളിലും തെരഞ്ഞെടുത്ത ബ്ലോക്ക് പഞ്ചായത്തുകളിലും നടപ്പാക്കുന്നുണ്ട്.
വയോമിത്രം പോലുള്ള സാമൂഹികനീതി വകുപ്പിന്റെ പദ്ധതികൾ ഏറെ ഗുണം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ജോസ് അഗസ്റ്റിൻ, മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ്, വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ, ജില്ല സാമൂഹികനീതി ഓഫിസർ കെ.കെ. ഉഷ തുടങ്ങിയവർ പങ്കെടുത്തു.
വയോജന സൗഹൃദ കേരളം പദ്ധതിയുടെ ഭാഗമായി നിർമിച്ച സംസ്ഥാനത്തെ ഏക വയോജന പാർക്കാണ് മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലേത്. വൈകുന്നേരങ്ങളിൽ സമയം ചെലവഴിക്കുന്നതിന് ഫലവൃക്ഷങ്ങളും അലങ്കാരച്ചെടികളുമുൾപ്പെടെയുള്ള ഉദ്യാനവും വാക് വേയും നിർമിച്ചിട്ടുണ്ട്. ഇതിനുപുറമെ വിശ്രമകേന്ദ്രവും ശുചിമുറികളും ഇരിപ്പിടങ്ങളും ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.