എറണാകുളം ഡി.സി.സി ഓഫിസിൽ ലൈബ്രറി ഒരുങ്ങി
text_fieldsകൊച്ചി: ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയ പ്രഫഷനൽ ലൈബ്രറിയും പഠന ഗവേഷണ കേന്ദ്രവും ഉദ്ഘാടനത്തിനൊരുങ്ങി. ഡി.സി.സിയുടെ പോൾ പി. മാണി മെമ്മോറിയൽ ലൈബ്രറിയുടെയും സബർമതി പഠനഗവേഷണ കേന്ദ്രത്തിെൻറയും ഉദ്‌ഘാടനം ഞായറാഴ്ച രാവിലെ 11ന് ടി. പദ്മനാഭൻ നിർവഹിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
ഡി.സി.സി ഓഫിസിെൻറ മൂന്നാം നിലയിൽ 2600 ചതുരശ്ര അടിയിലാണ് ലൈബ്രറിയും പഠന ഗവേഷണ കേന്ദ്രവും. ഇതോടൊപ്പം ഡിജിറ്റൽ ലൈബ്രറിയും ഡിജിറ്റൽ സ്റ്റുഡിയോയും സജ്ജമാക്കുന്നുണ്ട്. 25,000 പുസ്തകങ്ങളുമായാണ് ലൈബ്രറി ആരംഭിക്കുന്നത്. പത്ത് ലക്ഷം രൂപയോളം ചെലവഴിച്ച് ഡി.സി.സി വാങ്ങിയ പുസ്തകങ്ങൾക്ക് പുറമെ സംഭാവനകളായി കിട്ടിയ പുസ്തകങ്ങളുമുണ്ട്. ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റശേഷം പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ഷാൾ, ബൊക്കെ എന്നിവക്ക് പകരം പുസ്തകങ്ങൾ മതിയെന്ന് മുഹമ്മദ് ഷിയാസ് നിലപാടെടുത്തിരുന്നു.
4000 പുസ്തകങ്ങൾ ഇങ്ങനെ ലഭിച്ചു. കക്ഷി രാഷ്ട്രീയ ഭേദമെന്യേ ആർക്കും ലൈബ്രറിയിൽ അംഗത്വമെടുക്കാം. ലൈഫ് ടൈം അംഗത്വ തുക 2500 രൂപയും ഒരു വർഷത്തേക്ക് 1000 രൂപയുമാണ്. രാജഗിരി കോളജിലെ ലൈബ്രറി സയൻസ് പി.ജി. വിദ്യാർഥിനികളാണ് ലൈബ്രറി ക്രമീകരിച്ചത്. ഒരു വർഷത്തിനകം 80,000 പുസ്തകങ്ങൾ അടങ്ങുന്ന സമ്പൂർണ ലൈബ്രറിയും പഠന ഗവേഷണകേന്ദ്രവുമാക്കി ഉയർത്തുക എന്നതാണ് ലക്ഷ്യമെന്നും ഷിയാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.