ലൈസൻസ് പുതുക്കി നൽകുന്നില്ല: പടക്കവ്യാപാരികൾ ദുരിതത്തിൽ
text_fieldsകാക്കനാട്: ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ജീവിതം വഴിമുട്ടി ജില്ലയിലെ പടക്കക്കച്ചവടക്കാർ. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ലൈസൻസ് പുതുക്കിനൽകാനുള്ള അപേക്ഷകൾ പരിഗണിക്കേണ്ടതിെല്ലന്ന ജില്ല ഭരണകൂടത്തിെൻറ തീരുമാനമാണ് കച്ചവടക്കാരെ വലക്കുന്നത്. ഈസ്റ്ററും വിഷുവും വരാനിരിക്കെ ലൈസൻസ് പുതുക്കിനൽകാൻ അലംഭാവം തുടരുന്നതിനാൽ കോടിക്കണക്കിന് രൂപയുടെ കച്ചവടമാണ് നഷ്ടമാവുക.
പടക്ക വ്യാപാരികളെ സംബന്ധിച്ച് ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്ന സീസണാണ് വിഷുക്കാലം. വർഷം മുഴുവൻ വിൽക്കുന്ന പടക്കത്തിെൻറ വലിയൊരു ശതമാനവും ഇക്കാലയളവിലാണ് കച്ചവടം ചെയ്യുന്നത്. പടക്കസാമഗ്രികൾ സൂക്ഷിക്കാനും കച്ചവടത്തിനുമുള്ള അനുമതി നൽകുന്നത് ജില്ല ഭരണകൂടമാണ്. ജീവനക്കാർക്ക് തെരഞ്ഞെടുപ്പ് ജോലികൾകൂടി നൽകിയതോടെയാണ് ലൈസൻസ് പുതുക്കിനൽകുന്നത് അവതാളത്തിലായതെന്നാണ് വിവരം.
അഞ്ഞൂറോളം അംഗീകൃത പടക്കവ്യാപാരികളിൽനിന്നായി മുന്നൂറിലധികം അപേക്ഷകളാണ് കലക്ടറേറ്റിൽ കെട്ടിക്കിടക്കുന്നത്. അഞ്ചുവർഷത്തേക്ക് ലൈസൻസ് പുതുക്കുന്നതിന് 5000 രൂപയാണ് ഈടാക്കുന്നത്. നിലവിൽ അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്നവരിൽ പകുതിയലധികം പേരും മുൻകൂട്ടി പണമടച്ചവരാണ്. ആറുമാസം മുമ്പ് പണമടച്ച് അപേക്ഷ സമർപ്പിച്ചവർവരെ ഇക്കൂട്ടത്തിലുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രണ്ടുമാസം എടുക്കാറുണ്ട്. ലോക്ഡൗണിനെത്തുടർന്ന് ഇറക്കിയ സ്റ്റോക് വിറ്റഴിക്കാൻ കഴിയാതെവന്നതോടെ ഇവർ കടുത്ത ദുരിതത്തിലായിരുന്നു. അതിനിടെ, ഇത്തവണയും കച്ചവടം നടക്കാതിരുന്നാൽ ആത്മഹത്യ മാത്രമേ മുന്നിലുള്ളൂവെന്നും വ്യാപാരികൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.