ലൈഫ് മിഷൻ വീടുകൾക്കായി ചൂർണിക്കരയിൽ പുറമ്പോക്ക് അളക്കുന്നു
text_fieldsചൂർണിക്കര: പഞ്ചായത്തിലെ പുറമ്പോക്ക് ഭൂമി അളക്കാനുള്ള നടപടികളിലേക്ക് റവന്യൂ അധികൃതർ. താലൂക്ക് സർവേയറുടെ നേതൃത്വത്തിലാണ് പെരിയാറിനോട് ചേർന്ന ഭൂമി അളക്കുന്നത്. പഞ്ചായത്തിലെ ഭൂമിയും വീടുമില്ലാത്ത 600ൽപരം കുടുംബങ്ങൾക്ക് ലൈഫ് മിഷൻ പാർപ്പിടങ്ങൾ ഒരുക്കുന്നതിന്റെ മുന്നോടിയായാണ് നടപടി.
ചൂർണിക്കര വില്ലേജിൽ, പഞ്ചായത്ത് പ്രദേശത്ത് സ്ഥിതിചെയ്യുന്ന സ്റ്റാൻഡേഡ് പോട്ടറീസ് ദേശായി ഹോംസിന്റെ കൈവശഭൂമിക്ക് അനുബന്ധ സ്ഥലത്തെ പുറമ്പോക്ക് കണ്ടെത്തി അളന്നുതിരിച്ച് സ്കെച്ച് തയാറാക്കുന്നതിന് മുന്നോടിയായാണ് നടപടി. 16ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഭൂമിയിൽ സർവേ നടത്താൻ ആലുവ താലൂക്ക് ഹെഡ് സർവേയർ, ദേശായി ഹോംസിനും ലൈഫ് മിഷൻ ആക്ഷൻ കൗൺസിൽ കൺവീനർക്കും ചൂർണിക്കര പഞ്ചായത്ത് അധികൃതർക്കും 10 ദിവസത്തെ മുൻകൂർ നോട്ടീസ് അയച്ചിട്ടുണ്ട്. ലൈഫ് മിഷൻ ആക്ഷൻ കൗൺസിൽ കൺവീനർ പി. നാരായണൻകുട്ടിയുടെ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തേ ആക്ഷൻ കൗൺസിൽ ലൈഫിനുവേണ്ടിയുള്ള ഭൂമി ലഭ്യതക്കായി മുഖ്യമന്ത്രി, റവന്യൂമന്ത്രി എന്നിവർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ തുടർനടപടിയെന്ന നിലയിൽ വിഷയം ലാൻഡ് റവന്യൂ കമീഷണർ, ജില്ല കലക്ടർ എന്നിവർ പരിശോധിച്ചിരുന്നു. തുടർന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നുള്ള നിർദേശപ്രകാരം കലക്ടർ ഭൂമി അളക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടത്.
ദേശായി ഹോംസ് കൈവശ ഭൂമിക്ക് അനുബന്ധമായി സ്ഥിതിചെയ്യുന്ന സർവേ 176/1ൽ വരുന്ന 16.80 ആർ, 176/3ലെ 10.40 ആർ, 177/2ലെ 7.30 ആർ എന്നിങ്ങനെ 85 സെന്റോളം ഭൂമിയിലാണ് സർവേ നടപടികൾ നടത്തി പുറമ്പോക്കുകൾ വേർതിരിച്ചെടുത്ത് സ്കെച്ച് തയാറാക്കുന്നത്. 600 കുടുംബങ്ങളാണ് 2017 മുതൽ ലൈഫ് മിഷൻ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഈ കുടുംബങ്ങളിലെ 3000ഓളം വരുന്നവർക്ക് പഞ്ചായത്തിൽതന്നെ പുറമ്പോക്കുഭൂമി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷൻ ആക്ഷൻ കൗൺസിൽ പഞ്ചായത്തിന് അപേക്ഷ നൽകിയിരുന്നു.
എന്നാൽ, അധികൃതർ ഭൂമി കണ്ടെത്താൻ നടപടികളൊന്നും നാളിതുവരെ കൈക്കൊണ്ടില്ലെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആരോപിക്കുന്നു. ഇതേതുടർന്നാണ് ഭൂമി ലഭ്യമാക്കാൻ മുഖ്യമന്ത്രിക്കടക്കം നിവേദനങ്ങൾ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.