നൂതന കരള്‍മാറ്റ ശസ്ത്രക്രിയയിലൂടെ പുതുജീവിതത്തിലേക്ക്
text_fieldsകൊച്ചി: ഗുരുതര ലിവര്‍ സിറോസിസിനൊപ്പം ഹെപറ്റോ പള്‍മണറി സിന്‍ഡ്രോം എന്ന സങ്കീര്‍ണ അവസ്ഥയിലൂടെ കടന്നുപോന്ന രോഗി നൂതന ശസ്ത്രക്രിയയിലൂടെ പുതുജീവിതത്തിലേക്ക്. ചെന്നൈ സ്വദേശിയായ സൂരജ് മാലാണ് (63) വി.പി.എസ് ലേക്ഷോര് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായത്. രക്തത്തിലെ ഓക്സിജെൻറ അളവ് ഗുരുതരമായി കുറയുന്ന അവസ്ഥയിലായിരുന്നു രോഗിയെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. അഭിഷേക് യാദവ് പറഞ്ഞു. 100 ശതമാനം വേണ്ടിടത്ത് മാലിന് 35 ശതമാനം ഓക്സിജനേ ഉണ്ടായിരുന്നുള്ളൂ. ഓക്സിജന്‍ സിലിണ്ടറിനെ ആശ്രയിച്ചായിരുന്നു ജീവിതം. ഓക്സിജെൻറ കുറവുമൂലം ശസ്ത്രക്രിയക്കുശേഷം ശരീരം സുഖപ്പെടുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. ഇത്തരം അവസ്ഥയില്‍ അപൂര്‍വമായാണ് കരള്‍മാറ്റ ശസ്ത്രക്രിയകള്‍ നടന്നിട്ടുള്ളത്.
വെൻറിലേറ്ററില്നിന്ന് മാറ്റുക എന്ന ഘട്ടമായിരുന്നു ഏറ്റവും ശ്രമകരമായ ദൗത്യം. ഓക്സിജനൊപ്പം നൈട്രിക് ഓക്സൈഡും ചേര്‍ത്തുള്ള നൂതനരീതിയാണ് ഉപയോഗപ്പെടുത്തിയത്. ശസ്ത്രക്രിയയെത്തുടര്‍ന്ന് 12 ദിവസമാണ് നൈട്രിക് ഓക്സൈഡ് രോഗിക്ക് ആവശ്യം വന്നത്. വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. ശസ്ത്രക്രിയക്ക് ശേഷമുള്ള പരിചരണത്തിലൂടെ രോഗിയുടെ ഓക്സിജന്‍ ലെവല്‍ 85 ശതമാനം ആയെന്ന് ക്രിട്ടിക്കല്‍ കെയര്‍ വിദഗ്ധയായ ഡോ. നിത ജോര്‍ജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.