നിയന്ത്രണം വിട്ട ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി
text_fieldsചെങ്ങമനാട്: ദേശീയപാതയിൽ പറമ്പയത്ത് നെടുവന്നൂർ യൂടേണിന് സമീപം നിയന്ത്രണം വിട്ട ടോറസ് ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി. ഹോട്ടൽ അടഞ്ഞുകിടക്കുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഞായറാഴ്ച രാത്രി 12.30 ഓടെയായിരുന്നു അപകടം.
അങ്കമാലി ഭാഗത്തുനിന്ന് വരുകയായിരുന്ന കണ്ടെയ്നർ അങ്കമാലി ഭാഗത്തേക്ക് പോകാൻ മുന്നറിയിപ്പില്ലാതെ യുടേൺ തിരിഞ്ഞതോടെ പിന്നിൽ വരുകയായിരുന്ന ടോറസ് ഇടത്തോട്ട് തിരിക്കുകയും കണ്ടയ്നറിൽ തട്ടി നിയന്ത്രണം വിട്ട് ഹോട്ടലിൽ ഇടിച്ചു കയറുകയുമായിരുന്നു. ശ്രീമൂല നഗരം കൈപ്ര സ്വദേശി അഷറഫ് 30 വർഷത്തോളമായി വാടകക്ക് നടത്തുന്ന പറമ്പയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലേക്കാണ് ടോറസ് ഇടിച്ചു കയറിയത്.
ഹോട്ടലിലും വഴികളിലും ആളുകളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ആഴമുള്ള അഴുക്ക് കാനയിൽ ടോറസിന്‍റെ പിന്നിലെ ടയർ വീണതിനാലാണ് കെട്ടിടം തകരാതിരുന്നത്. ആലത്തൂരിൽ നിന്ന് കൊച്ചിൻ ഷിപ് യാർഡിലേക്ക് മെറ്റൽപ്പൊടി കയറ്റി വരുകയായിരുന്ന ടോറസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ തൃശൂർ സ്വദേശി രഞ്ജിത് (36) നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
അശ്രദ്ധയോടെ വാഹനമോടിച്ച് അപകടത്തിനിടയാക്കിയ കണ്ടയ്നർ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ ഹോട്ടലിന്‍റെ അടുക്കള ഭാഗവും സീലിങ്ങും, മുകൾഷീറ്റുകൾ,,ഫർണീച്ചറുകൾ, പാത്രങ്ങൾ, സ്റ്റൗ, ഫ്രിഡ്ജ്, ഗ്ലാസുകൾ സ്ഥാപിച്ച കൗണ്ടർ, ജലവിതരണ പൈപ്പുകൾ അടക്കം തകർന്നു. ടോറസ് പൂർണമായും അകത്തേക്ക് കയറാതിരുന്നതിനാൽ കെട്ടിടത്തിനടക്കം വൻ നാശം ഒഴിവായി.
നാല് ലക്ഷത്തിന്‍റെ നഷ്ടം കണക്കാക്കുന്നു. രാവിലെ ക്രെയിനുകൾ ഉപയോഗിച്ച് ടോറസ് പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ ദേശീയപാതയിലും നെടുവന്നൂർ റോഡിലും മണിക്കൂറോളം ഗതാഗതക്കുരുക്കനുഭവപ്പെട്ടു. പൊലീസെത്തി ഗതാഗതം നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.