പാചകവാതക സബ്സിഡി ഒഴിവാക്കൽ; കേന്ദ്രത്തിന് ലാഭം 20,000 കോടി
text_fieldsകൊച്ചി: പാചകവാതക സബ്സിഡി വിതരണം നിലച്ചതോടെ കേന്ദ്രസർക്കാറിന് നടപ്പ് സാമ്പത്തികവർഷം 20,000 കോടിയിലധികം രൂപയുടെ ലാഭം. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഗണ്യമായി താഴ്ന്നതോടെ പാചകവാതക വിലയിലുണ്ടായ കുറവ് മുതലെടുത്ത് സബ്സിഡി വിതരണം അവസാനിപ്പിക്കുകയായിരുന്നു. ഗ്രാമീണ മേഖലയിലെ ദാരിദ്ര്യരേഖക്ക് താഴെയുള്ള സ്ത്രീകൾക്ക് നടപ്പാക്കിയ പ്രധാനമന്ത്രി ഉജ്ജ്വല യോജന (പി.എം.യു.വൈ) പദ്ധതിക്ക് കീഴിലെ എട്ട് കോടി ഉപഭോക്താക്കൾക്ക് മാത്രമായി സബ്സിഡി പരിമിതപ്പെടുത്താനാണ് നീക്കം.
ഗാർഹിക ആവശ്യത്തിനുള്ള 14.2കിലോ സിലിണ്ടർ സബ്സിഡി ഉള്ളതിനും ഇല്ലാത്തതിനും ഇപ്പോൾ ഒരേ വിലയാണ്. കൊച്ചിയിൽ 597.50 രൂപയും തിരുവനന്തപുരത്ത് 603.50 രൂപയും കോഴിക്കോട് 606.50 രൂപയും. ദൂരപരിധിക്ക് അനുസരിച്ച് ഈ അടിസ്ഥാന വിലയിൽ ചെറിയ മാറ്റമുണ്ടാകും. അഞ്ച് മാസമായി ഉപഭോക്താക്കളുടെ അക്കൗണ്ടിൽ സബ്സിഡി എത്തുന്നില്ല. ഒമ്പത് മാസം മുമ്പ് 850 രൂപക്ക് മുകളിലുണ്ടായിരുന്ന പാചകവാതക സിലിണ്ടറിന് 250 രൂപയോളം കുറഞ്ഞതിെൻറ പേരിലാണ് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് സബ്സിഡി നിഷേധിക്കുന്നത്.
നടപ്പു സാമ്പത്തികവർഷം പെട്രോളിയം സബ്സിഡിക്ക് കേന്ദ്രം വകയിരുത്തിയത് 40,915 കോടിയാണ്. ഇതിൽ 37,256.21 കോടി പാചകവാതകത്തിനാണ്. എന്നാൽ, ഏപ്രിൽ മുതൽ ജൂൺവരെയുള്ള ആദ്യ പാദത്തിൽ ഇതിൽനിന്ന് 1900 കോടി മാത്രമാണ് കേന്ദ്രം ചെലവഴിച്ചത്. രാജ്യത്തെ 27.76 കോടി എൽ.പി.ജി ഉപഭോക്താക്കളിൽ പ്രതിവർഷം 10 ലക്ഷത്തിന് മുകളിൽ നികുതിവിധേയ വരുമാനമുള്ള ഒന്നര കോടി ആളുകളെ സബ്സിഡിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സബ്സിഡിക്ക് അർഹരായ 26.12 കോടി ഉപഭോക്താക്കളിൽ പി.എം.യു.വൈ പദ്ധതിക്ക് കീഴിലെ എട്ട് കോടി കഴിഞ്ഞാൽ 18 കോടിയിലധികം പേർക്ക് മാസങ്ങളായി സബ്സിഡി ലഭിച്ചിട്ടില്ല. പി.എം.യു.വൈ വിഭാഗത്തിന് മാത്രമായി സബ്സിഡി ചുരുക്കുന്നതിലൂടെയാണ് 20,000 കോടിയിലധികം ലാഭം ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.