പാചകവാതക വിതരണം നിലച്ചു; ഉപഭോക്താക്കൾ നെട്ടോട്ടത്തിൽ
text_fieldsമരട്: ഭാരത് പെട്രോളിയത്തിെൻറ തൃപ്പൂണിത്തുറയിലെ പാചകവാതക സിലിണ്ടർ വിതരണം ഏറ്റെടുത്ത ജ്യോതി ഗ്യാസിൽ വിതരണം നിലച്ചതോടെ ഉപഭോക്താക്കൾ നെട്ടോട്ടത്തിൽ. കരാടിസ്ഥാനത്തിൽ പാചകവാതകം വിതരണം ചെയ്യുന്ന തൊഴിലാളികൾ ഓണത്തിന് ബോണസ് ചോദിച്ചതുമായി ബന്ധപ്പെട്ടാണ് വിതരണം നിലച്ചത്. ഒരാഴ്ചയോളമായി ഉപഭോക്താക്കൾ ജ്യോതി ഗ്യാസിെൻറ ഓഫിസിലെത്തി പാചകവാതക സിലിണ്ടറുകൾ കൈപ്പറ്റേണ്ട അവസ്ഥയാണ്. ഇതുമൂലം ഉപഭോക്താക്കൾക്ക് സമയനഷ്ടവും സാമ്പത്തികനഷ്ടവും ഉണ്ടാകുന്നു.
പാചകവാതക സിലിണ്ടറുകൾ ഉപഭോക്താക്കളുടെ വീടുകളിലും മറ്റും എത്തിച്ചുകൊടുക്കുമെന്നാണ് ബി.പി.സി.എൽ കമ്പനിയുമായ അവരുടെ കരാറിൽ പറയുന്നത്. ഓരോ പാചകവാതക സിലിണ്ടറും വീടുകളിലും മറ്റും എത്തിക്കുന്നതിന് ഡെലിവറി ചാർജായി 28 രൂപ കൂടുതലായി ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നുണ്ട്. എന്നാൽ, ഈ തുക പൂർണമായി നൽകുന്നില്ലെന്നാണ് ആക്ഷേപം. തുച്ഛ വേതനത്തിൽ കരാറടിസ്ഥാനത്തിൽ വിതരണം ചെയ്യുന്ന തൊഴിലാളികളെ മറ്റുവകുപ്പുകളിലും ചൂഷണം ചെയ്യുന്നതായും പറയപ്പെടുന്നു.
പാചകവാതകം വിതരണം ചെയ്യുന്നതിന് തൊഴിലാളികൾ സിലിണ്ടറുകൾ ഏറ്റെടുക്കാൻ ഏജൻസിയുടെ ഗോഡൗണിൽ എത്തിയപ്പോൾ മോശമായി പെരുമാറിയെന്നും കരാർ തൊഴിലാളി നിർമൽ പറഞ്ഞു. കൂടാതെ, താൽക്കാലികമായി തൊഴിൽ നിർത്തിവെക്കാനും ആവശ്യപ്പെട്ടു. തൊഴിലാളികളുമായി ചർച്ചക്ക് ഓണം കഴിഞ്ഞ് ആലോചിക്കാമെന്നാണ് അറിയിച്ചത്.
തങ്ങളുടെ ന്യായമായ ആവശ്യം ഏജൻസി പരിഗണിക്കണമെന്നാവശ്യപ്പെട്ട് കരാർ തൊഴിലാളികൾ സമരത്തിനൊരുങ്ങുകയാണ്. 14 തൊഴിലാളികളാണ് തൃപ്പൂണിത്തുറയിലെ ജ്യോതി ഗ്യാസ് ഏജൻസിയിൽ പാചകവാതക സിലിണ്ടറുകൾ വിതരണം ചെയ്യുന്ന വകുപ്പിൽ ജോലി ചെയ്യുന്നത്. എന്നാൽ, വിതരണം ചെയ്യുന്ന തൊഴിലാളികൾ സമരം നടത്തുന്നതാണ് പാചകവാതക വിതരണം നിലക്കാൻ കാരണമെന്ന് ഏജൻസി അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.