കാലൊടിഞ്ഞ ദേശാടനപക്ഷിക്ക് തുണയായി മധു
text_fieldsപള്ളുരുത്തി: കുമ്പളങ്ങി മണൽക്കൂർ പാടശേഖരത്തിൽ കാലുകൾ ഒടിഞ്ഞു കിടന്ന പക്ഷിക്ക് തുണയായി മധു. ഞായറാഴ്ച പ്രഭാത സവാരിക്കിറങ്ങിയവരാണ് വെള്ളത്തിൽ അവശതയിൽ കിടക്കുന്ന പക്ഷിയെ കണ്ടത്.
ഇവർ മധുവിനെ വിവരമറിയിച്ചതിനെ തുടർന്ന് വെള്ളത്തിലിറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു. നിരവധി ദേശാടന പക്ഷികളെത്തുന്ന പ്രദേശമാണ് കുമ്പളങ്ങി - കണ്ടക്കടവ് റോഡിലെ പാടശേഖരം. ഇവിടെ ഇര തേടുന്ന സമയത്ത് പരിക്കേൽക്കുന്ന പക്ഷികൾക്ക് പലപ്പോഴും തുണയാകുന്നത് വാൽമുതുക് സ്വദേശിയായ മധുവാണ്.
ചെമ്പൻ അരിവാൾ കൊക്കെൻ (ഗ്ലോസി ഐബിസ്) എന്ന പക്ഷിയാണ് ഇത്തവണ പരിക്കേറ്റ് വീണത്. ഞാറപക്ഷി കുടുംബത്തിൽ പെട്ട ഈ പക്ഷിയെ ആദ്യമായാണ് കുമ്പളങ്ങിയിൽ കാണുന്നതെന്ന് പക്ഷി നിരീക്ഷകനായ പി.പി. മണികണ്ഠൻ പറയുന്നു.
ചെറിയ മീനുകളും തവളകളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. പക്ഷിയുടെ കാലുകളിൽ മരുന്നുകൾ കെട്ടി മധു പരിചരിച്ചു വരികയാണ്. പറക്കാൻ സാധ്യമാകുമ്പോൾ പറത്തി വിടുമെന്നും മധു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.