മഹാത്മ സ്നേഹ അടുക്കളയിൽ പ്രതിദിന ഭക്ഷണ വിതരണം 3000 കടന്നു
text_fieldsമട്ടാഞ്ചേരി: പശ്ചിമ കൊച്ചി മേഖലയിൽ ക്വാറൻറീൻ കഴിയുന്നവർ, ആശുപത്രികളിൽ കഴിയുന്നവർ, വീടുകളിലെ കിടപ്പുരോഗികൾ, വഴിയോരത്ത് കഴിയുന്നവർ, ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ എന്നിവർക്കൊപ്പം വിശക്കുന്ന ആർക്കും ഭക്ഷണമെത്തിച്ച് മഹാത്മ സ്നേഹ അടുക്കള. ഉച്ചക്കും രാത്രിയിലുമായാണ് വിതരണം. ഇപ്പോൾ പ്രതിദിനം 3200 പേർക്ക് ഭക്ഷണം നൽകുന്നു.
കഛി മേമൻ അസോസിയേഷെൻറ കപ്പലണ്ടി മുക്കിലെ ഷാദി മഹല്ലിലാണ് അസോസിയേഷെൻറ കൂടെ സഹായത്തോടെ അടുക്കള പ്രവർത്തിക്കുന്നത്.
കോഓഡിനേറ്റർ ഷമീർ വളവത്തിെൻറ നേതൃത്വത്തിൽ നൂറോളം സന്നദ്ധ പ്രവർത്തകർ സേവനം നടത്തുന്നു. സർക്കാർ സംവിധാനങ്ങൾ പോലും നോക്കുകുത്തിയാകുമ്പോഴാണ് മഹാത്മയുടെ വിശപ്പകറ്റുന്ന ഈ പദ്ധതി.
15 ദിവസം മുമ്പ് മുന്നൂറ് പേർക്ക് ഭക്ഷണം വിളമ്പിയാണ് പ്രവർത്തനം തുടങ്ങിയത്. എന്നാൽ, പ്രവർത്തനത്തിെൻറ രീതി കണക്കിലെടുത്ത് കൂടുതൽ സുമനസ്സുകൾ സഹായങ്ങളുമായി എത്തിയതോടെയാണ് ഓരോ ദിവസവും എണ്ണം കൂടി. കഴിഞ്ഞ നാല് ദിവസങ്ങളായി എണ്ണം മൂവായിരത്തി ഇരുന്നൂറായി.
ഇതിൽ 600 പേർക്കുള്ള ഭക്ഷണ വിതരണം ചെല്ലാനം മേഖലയിലേക്കാണ്. കൗൺസിലർമാർ, സന്നദ്ധ പ്രവർത്തകർ എന്നിവർ ഡിവിഷനിലെ ക്വാറൻറീനിൽ കഴിയുന്നവരുടെയും, അർഹതപ്പെട്ടവരുടെയും എണ്ണം കോഓഡിനേറ്ററെ വിളിച്ചറിയിക്കും. അതു പ്രകാരം പ്രവർത്തകർ ഭക്ഷണം എത്തിക്കും.
ദിവസവും വ്യത്യസ്ത ഭക്ഷണമാണ് വിളമ്പുന്നത്. മട്ടൻ ബിരിയാണി, ചിക്കൻ ബിരിയാണി, നെയ്ച്ചോറ്, മസാലദോശ, പുട്ടും കടലയും, വെള്ളയപ്പം മുട്ടക്കറി തുടങ്ങിയവയാണ് വിഭവങ്ങൾ.
സുമനസ്സുകൾ ഇറച്ചിയായും മീനായും മറ്റും അടുക്കളയിലേക്ക് സാധനങ്ങൾ നൽകുന്നതിനാലാണ് ഇങ്ങനെ ഭക്ഷണം കൊടുക്കുവാനാകുന്നതെന്ന് കോഓഡിനേറ്റർ ഷമീർ വളവത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.