'മലർവാടി' നാസർ: വിടവാങ്ങിയത് സൗമ്യനായ സാമൂഹികപ്രവർത്തകൻ
text_fieldsകൊച്ചി: മലർവാടി നാസർ എന്നറിയപ്പെട്ടിരുന്ന കെ.എച്ച്. നസീറിന്റെ വിയോഗത്തോടെ നഷ്ടമായത് സൗമ്യനായ സാമൂഹികപ്രവർത്തകനെ. മലർവാടി ബാലസംഘം കൂട്ടായ്മയുടെ സജീവ പ്രവർത്തകൻ ആയിരുന്നതിനാലാണ് അദ്ദേഹത്തിന് മലർവാടി എന്ന പേര് ലഭിക്കാൻ ഇടയായത്. മലർവാടി ബാലസംഘം ചുള്ളിക്കൽ ഏരിയ കോഓഡിനേറ്റർ ആയിരുന്നു.
ചുള്ളിക്കൽ ബിലാൽ മസ്ജിദിന്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. എത്ര വലിയ പ്രശ്നങ്ങളെയും വളരെ സൗമ്യമായി നേരിടുന്ന സ്വഭാവമായിരുന്നു നാസറിന്റേത്. എത്ര ഗൗരവമുള്ള വിഷയങ്ങളും നർമരൂപേണ അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ കഴിവ് എടുത്തുപറയേണ്ടതായിരുന്നുവെന്ന് സുഹൃത്തുക്കൾ അനുസ്മരിക്കുന്നു. 1997ൽ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹത്തിന് ഉമ ഫാത്തിമയാണ് കിഡ്നി നൽകിയത്. ജമാഅത്തെ ഇസ്ലാമി വനിതവിഭാഗം മുൻ ജില്ല പ്രസിഡന്റ് സുമയ്യയാണ് ഭാര്യ.
കപ്പലണ്ടിമുക്ക് പടിഞ്ഞാറെപള്ളി ഖബർസ്ഥാനിൽ ഖബറടക്കി. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് അബൂബക്കർ ഫാറൂഖി, സിറ്റി പ്രസിഡൻറ് എം.പി. ഫൈസൽ തുടങ്ങിയവർ വീട്ടിലെത്തി. അനുസ്മരണ യോഗത്തിൽ ബിലാൽ മസ്ജിദ് ഇമാം സിറാജുദ്ദീൻ ഉമരി, എ.എസ്. മുഹമ്മദ്, സലാം തോപ്പുംപടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.