മാഞ്ഞാലി-മനക്കപ്പടി റോഡിൽ ദുരിതയാത്ര
text_fieldsതകർന്ന മാഞ്ഞാലി-മനക്കപ്പടി റോഡ്
കരുമാല്ലൂർ: ആലുവ-പറവൂർ, മാഞ്ഞാലി-എയർപോർട്ട് റോഡുകളെ ബന്ധിപ്പിക്കുന്നമാഞ്ഞാലി-മനക്കപ്പടി ലൂപ്പ് റോഡിന്റെ ശോച്യാവസ്ഥ തുടരുന്നു. റോഡിന്റെ ദുരവസ്ഥ പരിഹരിക്കാത്തതിനെതിരെ പ്രതിക്ഷേധം ഉയരുകയാണ്. നൂറുകണക്കിന് വാഹനങ്ങളും വിദ്യാർഥികളും നാട്ടുകാരും സഞ്ചരിക്കുന്ന പ്രധാന റോഡാണിത്. ജല ജീവൻ പദ്ധതിക്ക് പൈപ്പിടാനായി റോഡ് വെട്ടിപ്പെളിച്ചിട്ട് മാസങ്ങളായി. തകർന്നുകിടക്കുന്നത് കാരണം വാഹനങ്ങൾക്കും കാൽനടയാത്രികർക്കും സുഗമമായി യാത്ര ചെയ്യാൻ കഴിയുന്നില്ല.
വെട്ടിപ്പൊളിച്ച ഭാഗം മെറ്റലുകൾ ഇളകി കുണ്ടും കുഴികളുമായി കിടക്കുന്നതിനാൽ വാഹനങ്ങൾക്ക് ഒരുവശത്തുകൂടിയേ സഞ്ചരിക്കാൻ കഴിയൂ. എതിരെ വരുന്ന വാഹനങ്ങൾക്ക് തടസ്സം നേരിടുകയാണ്. റോഡ് തകർന്നതോടെ ഇവിടെ നിരവധി അപകടങ്ങളുമുണ്ടായി. മാഞ്ഞാലി എസ്.എൻ ജിസ്റ്റ് കോളജ്, മനക്കപ്പടി പോളിടെക്നിക്, ചാലാക്ക മെഡിക്കൽ കോളജ് തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മേഖലയാണിത്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള എളുപ്പ വഴിയാണിത്.
ആംബുലൻസ് സർവീസ് ഉൾപ്പടെ ഇതുവഴിയാണ് കടന്നുപോകുന്നത്. ഇത്രയേറെ പ്രാധാന്യമുള്ള പാതയായിട്ടും വർഷം കഴിഞ്ഞിട്ടും റോഡ് അറ്റകുറ്റപണി നടത്തി നവീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഈ റോഡുകൾ ഉടൻ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കരുമാല്ലൂർ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾക്ക് തുടക്കംകുറിക്കുകയാണ്. ഇതിന്റെ തുടക്കമെന്ന നിലയിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചു വരെ മണ്ഡലം പ്രസിഡന്റ് ടി.എ. മുജീബിന്റെ നേതൃത്വത്തിൽ മാഞ്ഞാലി തെക്കേത്താഴം ജങ്ഷനിൽ ഉപവാസ സമരം അനുഷ്ഠിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.