ലോക്ഡൗണിലും കെണ്ടയ്ൻമെൻറ് സോണിലും പെട്ടു; വീട്ടുവാടക നൽകാനാകാതെ നിരവധി കുടുംബങ്ങൾ
text_fieldsമട്ടാഞ്ചേരി: കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ഡൗണും അതിനു പിന്നാലെയെത്തിയ കെണ്ടയ്ൻമെൻറ് സോണിെൻറ പേരിലുള്ള അടച്ചുപൂട്ടലും തിരിച്ചടിയായത് നിരവധി കുടുംബങ്ങൾക്ക്. സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം ഭൂരഹിതരുള്ള ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി പ്രദേശങ്ങൾ ലോക്ഡൗൺ പ്രഖ്യാപിച്ച മാർച്ച് മുതൽ തുടർച്ചയായി അഞ്ച് മാസമാണ് അടച്ചിട്ടത്. ഇതോടെ സാധാരണക്കാരായ നിരവധി പേർ വീട്ടുവാടക കൊടുക്കാനാകാതെ വലയുകയാണ്.
അടച്ചുപൂട്ടലിൽ ഏറെ ദുരിതത്തിലായത് ഓട്ടോ തൊഴിലാളികളും നിത്യ ജോലിക്കാരുമാണ്. ഇവരിൽ ഭൂരിഭാഗവും താമസിക്കുന്നത് വാടക വീടുകളിലാണ്. മറ്റൊരു വിഭാഗം ടൂറിസം മേഖലയുമായി ബന്ധപ്പെട്ട വഴിയോര കച്ചവടക്കാർ ഉൾപ്പെടെയുള്ളവർ. ഇവരിലും ഭൂരിഭാഗവും വാടക വീടുകളിൽ കഴിയുന്നവരാണ്.
കൊച്ചി ഫിഷറീസ് ഹാർബർ അഞ്ചു മാസത്തെ അടച്ചുപൂട്ടലിനുശേഷം തുറന്നെങ്കിലും ഗിൽനെറ്റ് വിഭാഗം ഇപ്പോഴും മത്സ്യബന്ധനത്തിനുപോയി തുടങ്ങിയിട്ടില്ല. ഹാർബർ തൊഴിലാളികളിലും ഭൂരിഭാഗവും വാടകവീടുകളിലാണ് കഴിയുന്നത്.
അഞ്ചുപേരടങ്ങുന്ന ഒരു കുടുംബത്തിന് കഴിയണമെങ്കിൽ ഏകദേശം 7000 രൂപയാകും വാടക. 25,000വും അതിനു മുകളിലും അഡ്വാൻസായും നൽകണം. ചുരുക്കത്തിൽ ഇതുവരെ വാടക കുടിശ്ശിക അഡ്വാൻസ് തുകക്ക് മുകളിലായ അവസ്ഥയിലാണ് ഭൂരിപക്ഷം വാടകക്ക് താമസിക്കുന്നവരും. നേരത്തേ മൂന്ന് ലക്ഷം രൂപ വരെ നൽകിയാൽ അത്യാവശ്യം താമസിക്കാൻ പണയത്തിന് വീട് ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ കുറഞ്ഞത് ആറു മുതൽ 10 ലക്ഷം രൂപ വരെ നൽകണം. അഞ്ചു മാസത്തെ വാടക കുടിശ്ശിക വരുമ്പോൾ സ്വാഭാവികമായും വീട് ഒഴിഞ്ഞുനൽകേണ്ടി വരും. അഡ്വാൻസ് തുകയും തീരുന്നതോടെ പലപ്പോഴും തെരുവിലേക്കിറങ്ങേണ്ട സാഹചര്യമാണുള്ളത്.
ബ്രോക്കർമാരുടെ സംഘമാണ് പലപ്പോഴും വാടക വർധനക്ക് ഇടയാക്കുന്നത്. കെട്ടിട ഉടമകളെ കൂടുതൽ വാടക വാങ്ങി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുന്നവരുമുണ്ട്. എന്നാൽ, ശരിയായ രീതിയിൽ പ്രവർത്തിക്കുന്ന ബ്രോക്കർമാരുമുണ്ട്.
വാടക നിയമം നടപ്പാക്കുക മാത്രമാണ് ഇത്തരം പ്രശ്നങ്ങൾക്കുള്ള പോംവഴിയെന്നാണ് വിവിധ സംഘടനകൾ പറയുന്നത്. സ്ക്വയർ ഫീറ്റ് കണക്കിൽ തദ്ദേശ സ്ഥാപനങ്ങൾ അതതിടങ്ങളിൽ ചെറിയ തോതിലുള്ള വാടക നിശ്ചയിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
വാടക നൽകാൻ കഴിയാതെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലേക്ക് വരെ തിരിയേണ്ടി വരുന്ന സാഹചര്യവും വലിയ വാടകമൂലം ഉടലെടുക്കുകയാണ്. നിയമം കൊണ്ടുവരുകയും അത് കർശനമായി നടപ്പാക്കുകയും ചെയ്താൽ ഓട്ടോ ഡ്രൈവർ അനീഷിനെ പോലെയുള്ളവരുടെ ആത്മഹത്യ ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.