മരടിലെ ഫ്ലാറ്റ് പൊളിക്കൽ; കേടുപാട് സംഭവിച്ച കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം ലഭിച്ചില്ല
text_fieldsനെട്ടൂർ: സുപ്രീംകോടതി വിധി പ്രകാരം പൊളിച്ചുനീക്കിയ മരടിലെ ഫ്ലാറ്റുകൾക്ക് സമീപത്തെ വീട്ടുകാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായില്ല. സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിച്ചപ്പോൾ തകരാർ സംഭവിച്ച വീടുകൾക്കും സ്ഥാപനങ്ങൾക്കും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചില്ല.
സങ്കീർണ പ്രശ്നങ്ങൾ ലഘൂകരിച്ചും മറച്ചുവെച്ചും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ നൽകിയ തെറ്റായ റിപ്പോർട്ടുകളാണ് ഇതിന് കാരണമായതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. മലിനീകരണ നിയന്ത്രണ ബോർഡ്, പാരിസ്ഥിതിക ആഘാതപഠന വിദഗ്ധസമിതി, സർവേ വിഭാഗം തുടങ്ങിയവർ നൽകിയ റിപ്പോർട്ടുകളിലെ തെറ്റായ വിവരങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും പരിസരവാസികൾ പറയുന്നു.
നെട്ടൂരിൽ രണ്ടും മരടിൽ രണ്ടുമായി നാല് ഫ്ലാറ്റാണ് പൊളിച്ചത്. നാലിടത്തുംകൂടി 26 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കെട്ടിടങ്ങൾക്ക് നഷ്ടപരിഹാര തുക നൽകുമെന്നായിരുന്നു സർക്കാർ ചുമതലപ്പെടുത്തിയ വിദഗ്ധ സമിതി വാക്കാൽ പറഞ്ഞത്. ഇതിൽ രണ്ട് ലക്ഷം രൂപ വരെയുള്ള തകരാറുകൾ പൊളിക്കൽ കരാർ കമ്പനികൾ ചെയ്യുമെന്നും അതിന് മുകളിൽ വരുന്ന ചെലവുകൾ ഇൻഷുറൻസ് കമ്പനിയിൽനിന്ന് കാലതാമസം കൂടാതെ ഈടാക്കി നൽകുമെന്നുമായിരുന്നു വ്യവസ്ഥ.
എന്നാൽ, ഇത്തരം കാര്യങ്ങളെക്കുറിച്ച രേഖാമൂലമുള്ള ഒരുഉറപ്പും വിദഗ്ധ സമിതി ആർക്കും നൽകിയിട്ടില്ല. ഇൻഷുറൻസ് കമ്പനി നൽകിയ രേഖകളും പുറത്തുവിട്ടിട്ടില്ല.കൊച്ചി ആർ.ഡി.ഒ സ്നേഹിൽ കുമാർ സിങ് ചെയർമാനായ വിദഗ്ധ സമിതിയായിരുന്നു കാര്യങ്ങൾ നടപ്പാക്കിയത്.
ഇതുസംബന്ധിച്ച രേഖകൾ തയാറാക്കിയപ്പോൾ പരിസരവാസികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മരട് നഗരസഭ താൽക്കാലിക സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന മുഹമ്മദ് ആരിഫ് ഖാൻ തെറ്റായ റിപ്പോർട്ട് നൽകിയതായി ആരോപിച്ച് നഗരസഭ കൗൺസിലർമാർ രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.