അരികുവത്കരിക്കപ്പെടുന്ന മത്സ്യത്തൊഴിലാളി സ്ത്രീകള്‍
text_fieldsമറ്റ് പരമ്പരാഗത തൊഴിൽ മേഖലയുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ അധ്വാനവും സമയവും ആവശ്യമുള്ള തൊഴിൽ വിഭാഗമാണ് മത്സ്യമേഖലയിലെ സ്ത്രീകൾ. എവിടെയും അംഗീകരിക്കപ്പെടാതെ കിടക്കുന്ന സമൂഹം. ഇവരിൽ ഏറ്റവും താഴെത്തട്ടിലുള്ള വിഭാഗം എന്ന വിശേഷണം കൈകൾ മാത്രം ഉപയോഗിച്ച് മീനും ചെമ്മീനും തപ്പിയെടുത്ത് കുടത്തിലാക്കുന്ന തപ്പുകാര്ക്ക് അവകാശപ്പെട്ടതായിരിക്കും.
കക്കൂസ് മാലിന്യവും അറവുമാലിന്യവും മുതൽ സാനിറ്ററി പാഡുകൾ വരെ ഒഴുകി വരുന്ന മലിനജലത്തിൽ കഴുത്തറ്റം മുങ്ങിയാണ് ഇവർ പണിയെടുക്കുന്നത്. ജോലിക്കിടെ ഉണ്ടാകുന്ന പരിക്കുകൾക്കുപോലും ഇവര്‍ക്ക് കൃത്യമായ ചികിത്സ ധനസഹായമോ പരിരക്ഷയോ ലഭിക്കുന്നില്ല. മത്സ്യ വിൽപന മേഖലയിൽ പ്രവര്‍ത്തിക്കുന്ന സ്ത്രീകൾ പൊതുഇടങ്ങളിൽ നേരിടുന്ന വിവേചനങ്ങളും ഏറെയാണ്.
മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാറും മറ്റു പല ഏജന്‍സികളും ഏര്‍പ്പെടുത്തുന്ന ആനുകൂല്യങ്ങളുടെയും കടാശ്വാസ നടപടികളുടെയുമെല്ലാം പരിധിയിൽ വരുമ്പോഴും അതിനു പുറത്തുള്ള പല പ്രശ്നങ്ങളും തൊഴിൽ രംഗത്ത് ഇവർക്ക് അനുഭവിക്കേണ്ടി വരുന്നു. സംഘടനകളുടെ മേൽവിലാസമുണ്ടെങ്കിൽക്കൂടി വിരലിലെണ്ണാവുന്ന കാര്യങ്ങളിൽ മാത്രമാണ് സംരക്ഷണം ഉറപ്പാക്കാനാകുക.
പൊതുവായ മറ്റു പല പ്രശ്നങ്ങളിലും സമ്മർദശക്തിയാകാൻ പോലും പലപ്പോഴും ഇവരുടെ സംഘടന നേതൃത്വത്തിനും കഴിയാത്ത സാഹചര്യമാണുള്ളത്. വീശുവല ഉപയോഗിച്ച് മീൻ പിടിക്കുന്ന വീശുകാരും നീട്ടുവല ഉപയോഗിച്ച് ചെറുവഞ്ചികളിൽ മീൻ പിടിക്കുന്നവരും ഞണ്ടുകളെ പിടിക്കാൻ വള്ളി നീട്ടുന്നവരുമെല്ലാം ഈ ഗണത്തിൽ ഉൾപ്പെടും.
ഓർമകളായി ഊന്നിവലകളും ചീനവലകളും
കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത സഞ്ചാരയോഗ്യമാക്കാൻ നീക്കംചെയ്ത ഊന്നിവലകളും ചീനവലകളും പലപ്പോഴായി പുനഃസ്ഥാപിച്ചെങ്കിലും ഇപ്പോഴും അത് കുടിയൊഴുപ്പിക്കലിന്റെ ഭീഷണിയിൽ തന്നെയാണ്. പാരമ്പര്യമായി ലഭിച്ച ഇവയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി സാധാരണ കുടുംബങ്ങളാണ് എളങ്കുന്നപ്പുഴ, ഞാറക്കൽ, നായരമ്പലം, കുഴുപ്പിള്ളി, പള്ളിപ്പുറം എന്നിവിടങ്ങളിലുള്ളത്. നിലനിൽപിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഇവരും.
കായലിലെ ഊന്നിവലകൾ കുടിയൊഴിപ്പിക്കലിന്റെ ഭീഷണിയിലാണെങ്കിൽ മാലിന്യവും പായലുമാണ് തോടുകളിലെ ഊന്നിവലകൾക്ക് തിരിച്ചടി. തോടുകളിൽ കുറ്റികൾ സ്ഥാപിച്ച് അതിൽ വല ഘടിപ്പിച്ചാണ് ഒഴുക്കിനനുസരിച്ച് ഊന്നിവലത്തൊഴിലാളികൾ മീനും ചെമ്മീനും പിടിച്ചെടുക്കുന്നത്. ഇതിനുള്ള അവകാശം ഓരോ വർഷവും പഞ്ചായത്തുകൾ ലേലം ചെയ്ത് നൽകുകയാണ് ചെയ്യുന്നത്. തോടുകളുടെ ആഴക്കുറവും മാലിന്യവും മറ്റും മൂലം പരമ്പരാഗതമായി ഈ മേഖലയിൽ ജോലിചെയ്തിരുന്ന പലരും ഇപ്പോൾ പിന്മാറി.
ഇതിന് ശേഷവും ഈ രംഗത്ത് തുടരുന്നവർക്കാണ് പായൽ ശല്യം ഇരുട്ടടിയായത്. പുഴകളിൽ നിറയുന്ന പായൽ വേലിയേറ്റ സമയത്താണ് തോടുകളിലേക്കെത്തുക. മണിക്കൂറുകൾക്കുള്ളിൽ ഇവ തോടുകളിൽ നിറയുന്നതോടെ മത്സ്യബന്ധനം അസാധ്യമാകും. പായല്‍ ശല്യത്തെത്തുടർന്ന് എല്ലാ വർഷവും ഒരു മാസത്തിലേറെ വല നീട്ടാൻ കഴിയില്ലെന്ന് തൊഴിലാളികൾ പറയുന്നു. തോടുകളിൽ ഊന്നിവല സ്ഥാപിക്കാൻ നിശ്ചിത കാലത്തേക്കുള്ള അവകാശം ഇവർ ലേലം ചെയ്തെടുക്കുകയാണ് ചെയ്യുന്നത്.
പായൽമൂലം വല നീട്ടാനാവാതെ വന്നാൽ മുടക്കുമുതൽപോലും തിരിച്ചുപിടിക്കാൻ കഴിയില്ലെന്നതാണ് പ്രശ്നം. ഇതിനു പുറമെയാണ് മാലിന്യ പ്രശ്നം. തോടുകളിൽ തള്ളുന്ന ഏതു മാലിന്യവും ഒഴുക്കിൽ ഊന്നിവലയിലെത്തും. ഒപ്പം ചപ്പുചവറും കൂടിയാകുന്നതോടെ ചെറിയ ചെമ്മീനും മറ്റും വേർതിരിച്ചെടുക്കുന്നത് ദുഷ്കരമാകും. പലയിടത്തും തോടുകളുടെ ആഴം വര്‍ധിപ്പിക്കാത്തതിനാൽ മത്സ്യലഭ്യതയില്‍ കാര്യമായ കുറവും വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ എത്രകാലം ഈ രംഗത്ത് തുടരാനാവുമെന്ന കാര്യത്തില്‍ കടുത്ത ആശങ്കയിലാണ് മത്സ്യത്തൊഴിലാളികള്‍.
മാലിന്യത്തിൽ മുങ്ങി ജലാശയങ്ങൾ
മാലിന്യം തള്ളലാണ് തോടുകളിലും പുഴകളിലും മീൻ പിടിക്കുന്നവരെ നിരന്തരമായി അലട്ടുന്ന പ്രധാന പ്രശ്നം. മത്സ്യബന്ധനത്തിന് തടസ്സം സൃഷ്ടിക്കുന്നതിന് പുറമെ മാലിന്യ സാന്നിധ്യം മത്സ്യസമ്പത്തിനെയും പ്രതികൂലമായി ബാധിക്കുന്നു. അറവുശാലകൾ, ഇറച്ചിക്കോഴി വിൽപന കേന്ദ്രങ്ങൾ, പീലിങ് ഷെഡുകൾ, കടകൾ എന്നിവിടങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ, ആശുപത്രി- മാർക്കറ്റ് മാലിന്യം എന്നിവയെല്ലാം എത്തിച്ചേരുന്നത് തോടുകളിലേക്കാണ്. ഇവ ഒഴുകിപ്പോകാതെ കിടന്ന് ചീയുന്നത് മത്സ്യസമ്പത്ത് നശിക്കാൻ ഇടയാക്കുന്നു.
മഴ പെയ്ത് വെള്ളത്തിലെ ഉപ്പ് കുറയുന്നതോടെ ആഫ്രിക്കൻ പായലുകളും നിറയും. പിന്നെ കുറഞ്ഞത് രണ്ടുമാസത്തേക്ക് കറി ആവശ്യത്തിനുപോലും തോടുകളിലും പുഴയിലും വല നീട്ടാനാവില്ല. ഉപജീവനത്തിനല്ലാതെ ഉല്ലാസത്തിനായി വീശുവലയുമായി ഇറങ്ങുന്നവരുടെ എണ്ണം വർധിച്ചതും പ്രതികൂലമായി ബാധിക്കുക തൊഴിലാളികളെയാണ്.
ദ്വീപിന്റെ കിഴക്കുഭാഗത്തുകൂടി ഒഴുകുന്ന വീരൻ പുഴയിൽ പലയിടങ്ങളിലും രൂപംകൊണ്ട എക്കലും മത്സ്യബന്ധനത്തിന് തടസ്സം സൃഷ്ടിക്കുന്നതിനു പുറമെ മത്സ്യസമ്പത്തിനെ നശിപ്പിക്കുകയും അപകടഭീഷണി ഉയർത്തുകയും ചെയ്യുന്നുണ്ട്. ചില സ്ഥലങ്ങളിൽ പുഴയുടെ മധ്യത്തിൽ വിശാലമായ കര പോലെയാണ് എക്കൽ അടിയുന്നത്.
എക്കലുള്ള സ്ഥലങ്ങളിൽ വലനീട്ടാൻ കഴിയില്ലെന്ന് മാത്രമല്ല അത്തരം സ്ഥലങ്ങളിൽ രാത്രികാലത്തും മറ്റും വഞ്ചി കുടുങ്ങുന്നത് അപകടത്തിനിടയാക്കുമെന്ന പ്രശ്നവുമുണ്ട്. എക്കലുള്ള സ്ഥലത്ത് ഇറങ്ങിയാൽ തിരിച്ചുകയറാൻ കഴിയാത്ത തരത്തിൽ പുതഞ്ഞു പോകുന്ന സ്ഥിതിയാണ്. വേലിയിറക്ക സമയത്താണ് പ്രശ്നം കൂടുതൽ രൂക്ഷം. എക്കൽ സാന്നിധ്യംമൂലം മത്സ്യലഭ്യതയിലും കാര്യമായ കുറവുണ്ട്. കരിമീൻ, പ്രായിൽ തുടങ്ങിയവയുടെയും ഞണ്ടിന്റെയും പ്രജനനത്തെയാണ് എക്കൽ പ്രതികൂലമായി ബാധിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
വരുമാനത്തില്‍ സ്ഥിരതയില്ലെന്നതാണ് മറ്റൊരു പ്രശ്നം. ഒരുദിവസം കോളുണ്ടായാൽ പിന്നെ മാസങ്ങളോളം വറുതിയാണ്. ഇതു മനസ്സിലാക്കി രക്ഷക്കെത്തുന്ന ഇടനിലക്കാർ സമർഥമായി ഈ സാഹചര്യം ഉപയോഗിക്കും.മുൻകൂറായി നൽകുന്ന പണത്തിന്റെ ബലത്തിൽ മീനിനും ചെമ്മീനിനും വില നിശ്ചയിക്കുന്നത് പലപ്പോഴും അവരായിരിക്കും. മത്സ്യം കേടുകൂടാതെ സൂക്ഷിച്ചുവെക്കാതിനോ സംസ്കരിക്കാനോ സ്വന്തമായി സൗകര്യമില്ലാത്തതിനാല്‍ കിട്ടുന്ന വിലയ്ക്ക് അവ വിറ്റഴിക്കാൻ തൊഴിലാളികൾ നിർബന്ധിതരാകുന്നു. കാറും കോളും നിറഞ്ഞ പ്രതികൂല സാഹചര്യങ്ങളിൽ നടുക്കായലിൽ ചെറുവഞ്ചിയിൽ മത്സ്യം പിടിക്കുന്ന തൊഴിലാളിക്ക് ജോലിക്കിടെ മാരക പരിക്കോ ജീവഹാനിയോ സംഭവിച്ചാൽ നിശ്ചിത നഷ്ടപരിഹാരത്തുകയിൽ സമാശ്വാസ നടപടികൾ അവസാനിക്കും.
നാളെ- പ്രതിസന്ധിയിൽ വലയിടുന്ന ചെമ്മീൻ കെട്ടുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.