കടൽസുരക്ഷയും മത്സ്യവിഭവ സംരക്ഷണവും: ഒരുക്കം ദ്രുതഗതിയിലാക്കി ഫിഷറീസ് വകുപ്പ്
text_fieldsവൈപ്പിൻ: കാലവർഷത്തിൽ മത്സ്യത്തൊഴിലാളികൾക്കുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനും മത്സ്യവിഭവ സംരക്ഷണത്തിനുമായി ഒരുക്കം ദ്രുതഗതിയിലാക്കി ഫിഷറീസ് വകുപ്പ്. ജില്ലയിൽ കടൽ സുരക്ഷ പ്രവർത്തനങ്ങൾ നടത്തുന്നതിനും പട്രോളിങിനും അത്യാധുനിക പ്രഥമ ശുശ്രൂഷ സംവിധാനങ്ങളുമായി പ്രത്യാശ മറൈൻ ആംബുലൻസ് നഴ്സിങ് സ്റ്റാഫുകളുടെ 24 മണിക്കൂർ സേവനവുമായി സജ്ജമാണ്.
കടൽ സുരക്ഷക്കായി രണ്ട് വലിയ മത്സ്യബന്ധന ബോട്ടുകൾ, ഒരു ഫൈബർ വള്ളം എന്നിവ വാടകക്ക് എടുത്തിട്ടുമുണ്ട്. നിലവിലുണ്ടായിരുന്ന ഒമ്പത് മറൈൻ റസ്ക്യൂ ഗാർഡുകൾക്ക് പുറമേ കൂടുതലായി മൂന്ന് പേരെയും 10 പേർ അടങ്ങുന്ന സീ റസ്ക്യൂ സ്ക്വാഡിനെയും നിയമിച്ചു. ഇവർക്ക് ഗോവയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് അക്കാദമിയിൽ പ്രത്യേക ദുരന്തനിവാരണ പരിശീലനങ്ങളും നൽകിയിട്ടുണ്ട്. ഇതിൽ അഞ്ച് പേർക്ക് ചെല്ലാനത്തും അഞ്ചുപേർക്ക് മുനമ്പത്തുമാണ് ചുമതല നൽകിയിരിക്കുന്നത്. പ്രത്യാശ മറൈൻ ആംബുലൻസ്, അരീവ മത്സ്യബന്ധന ബോട്ട്, ഒരു ഫൈബർ വള്ളം എന്നിവ വൈപ്പിൻ കേന്ദ്രീകരിച്ചും സെന്‍റ് തിസിയോസ് മത്സ്യബന്ധനബോട്ട് മുനമ്പം കേന്ദ്രീകരിച്ചും രക്ഷാപ്രവർത്തനത്തിന് സജ്ജമാക്കിയിട്ടുണ്ട്. വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിൽ സജ്ജമാക്കിയ റീജനൽ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും. മുനമ്പം മേഖലയിലെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുനമ്പം ഹാർബർ കേന്ദ്രീകരിച്ച് ഒരു കൺട്രോൾ റൂം കൂടി തുറന്നിട്ടുണ്ട്.
കടൽസുരക്ഷ, തീരസുരക്ഷ ശക്തമാക്കാനായി കലക്ടറുടെ നിർദേശപ്രകാരം സിറ്റി പൊലീസിൽനിന്ന് 10 അധിക പൊലീസ് സേനാംഗങ്ങളുടെ സേവനം വൈപ്പിൻ ഫിഷറീസ് സ്റ്റേഷന് വിട്ടുനൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.