മട്ടാഞ്ചേരി ബോട്ട് ജെട്ടി: പുതിയ തടസ്സവാദവുമായി പുരാവസ്തു വകുപ്പ്
text_fieldsമട്ടാഞ്ചേരി: നിരന്തര ജനകീയ സമരങ്ങളെ തുടർന്ന് മട്ടാഞ്ചേരി ബോട്ട്ജെട്ടി നിർമാണം പുനരാരംഭിച്ചപ്പോൾ പുതിയ തടസ്സവാദവുമായി പുരാവസ്തു വകുപ്പ്. പൈതൃക സംരക്ഷിത സ്മാരകമായ മട്ടാഞ്ചേരി കൊട്ടാരത്തിന്റെ എതിർവശത്താണ് ജെട്ടിയുടെ നിർമാണം നടക്കുന്നത്. പൈതൃക സംരക്ഷിത സ്മാരകത്തിന് സമീപത്തെ കെട്ടിട നിർമാണത്തിന് പുരാവസ്തു വകുപ്പിന്‍റെ പ്രത്യേക അനുമതി അനിവാര്യമാണ്.
ഇതുപ്രകാരം പുരാവസ്തു വകുപ്പ് നോട്ടീസ് നൽകിയതാണ് നിർമാണം തടസ്സപ്പെടാൻ കാരണമെന്നാണ് അറിയുന്നത്.കഴിഞ്ഞ മൂന്നര വർഷമായി മട്ടാഞ്ചേരി ജെട്ടിയിൽനിന്ന് ബോട്ട് സർവിസ് മുടങ്ങിക്കിടക്കുകയായിരുന്നെങ്കിലും ഒന്നര മാസം മുമ്പ് നിർമാണം പുനരാരംഭിച്ചിരുന്നു. പ്രതീക്ഷയോടെ ആരംഭിച്ച നിർമാണം ഇപ്പോൾ വീണ്ടും അവതാളത്തിലായി.
കഴിഞ്ഞ മൂന്നാഴ്ചയായി പ്രവർത്തനങ്ങൾ നിലച്ചിരിക്കയാണ്. ജെട്ടിയുടെ പുനർനിർമാണമല്ല, മറിച്ച് നിലവിലെ കെട്ടിടം നിലനിർത്തിയുള്ള നവീകരണമാണ് നടക്കുന്നതെന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ മറുപടി നൽകിയെങ്കിലും പുരാവസ്തു വകുപ്പിന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ 97 ലക്ഷം രൂപ വിനിയോഗിച്ച് ഇറിഗേഷൻ വകുപ്പാണ് ജെട്ടി നവീകരിക്കുന്നത്.
ഡിസംബറിൽ ആരംഭിച്ച നിർമാണം തൊഴിൽ തർക്കം മൂലം രണ്ടുമാസം തടസ്സപ്പെട്ടിരുന്നു. ഇത് പരിഹരിച്ച് നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിച്ചപ്പോഴാണ് പുരാവസ്തു വകുപ്പിന്‍റെ നോട്ടീസ് വിഘാതമായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.