പെരുന്നാൾ രാവിനെ വരവേൽക്കാനൊരുങ്ങി മട്ടാഞ്ചേരി
text_fieldsമട്ടാഞ്ചേരി: പെരുന്നാൾ രാവിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് മട്ടാഞ്ചേരി. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി പെരുന്നാൾ രാവ് ആഘോഷമില്ലാതെയായിരുന്നു. പെരുന്നാൾ ദിനത്തെക്കാൾ പെരുന്നാൾ രാവ് ആഘോഷമാക്കുന്ന രീതിയാണ് മട്ടാഞ്ചേരിയിൽ പൊതുവെ കണ്ടുവരുന്നത്. കച്ചവടക്കാർക്കും നാട്ടുകാർക്കും വലിയ ആഘോഷമാണ്. പെരുന്നാൾ രാവ് ദിനത്തിൽ രാത്രിയെ പകലാക്കി മാറ്റുന്നതാണ് പതിവ് രീതി. ദൂരസ്ഥലങ്ങളിൽനിന്ന് പോലും കച്ചവടം തേടി ആളുകൾ എത്തും.
അതുപോലെ ദൂരസ്ഥലങ്ങളിൽനിന്നുള്ളവർ മട്ടാഞ്ചേരിയിലെ പെരുന്നാൾ ആഘോഷത്തിൽ പങ്കാളികളാകാനും എത്തും. ബിരിയാണി, ഇറച്ചിച്ചോറ് ഉൾപ്പെടെയുള്ള ഭക്ഷണവിഭവങ്ങളും തെരുവിൽ വിൽപനക്കായി എത്തും. പ്രദേശവാസികളുടെ വരുമാന സ്രോതസ്സ് കൂടിയാണ് ഇത്തരം കച്ചവടങ്ങൾ. പെരുന്നാൾ രാവിന് രണ്ടു ദിവസം മുമ്പേ കൊച്ചിയിലെ പ്രധാന തെരുവുകൾ സജീവമാകും. പെരുന്നാൾ ദിനത്തിൽ പള്ളിയിൽ പോയി നമസ്കാരത്തിനുശേഷം ബന്ധുഭവനങ്ങളിൽ സന്ദർശനം നടത്തുകയാണ് മട്ടാഞ്ചേരിക്കാരുടെ രീതി.
അതുകൊണ്ടുതന്നെ പെരുന്നാൾ രാവിൽ കുട്ടികൾക്കായി പലതും വാങ്ങും. കൊച്ചി തുറമുഖം സജീവമായിരുന്ന കാലത്ത് പുതിയ റോഡായിരുന്നു പെരുന്നാൾ കച്ചവടത്തിെൻറ പ്രധാന കേന്ദ്രം. പിന്നീട് അവിടെ ചില നിയന്ത്രണങ്ങൾ വന്നതോടെ പുറമെ നിന്ന് വരുന്നവരുടെ ടെൻറ് കെട്ടിയുള്ള കച്ചവടം കുറഞ്ഞു. ഇന്നിപ്പോൾ അമ്മായിമുക്ക് പ്രധാന കേന്ദ്രമായി മാറി. പാലസ് റോഡ്, കുന്നുംപുറം, തങ്ങൾ നഗർ തുടങ്ങിയ പ്രദേശങ്ങളും കച്ചവടത്തിെൻറ കേന്ദ്രങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.