മെഡിക്കൽ കോളജ്: ഹൗസ് സർജന്മാരുടെ സമരം പിൻവലിച്ചു
text_fieldsകളമശ്ശേരി: പഠനസൗകര്യം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ഹൗസ് സർജൻമാരും വിദ്യാർഥികളും നടത്തിവന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. വിദ്യാർഥി പ്രതിനിധികളും ഹൗസ് സർജൻ അസോസിയേഷൻ പ്രതിനിധികളും കലക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് സമരത്തിന് പരിഹാരമായത്.
ആലുവ ജില്ല ആശുപത്രിയിൽ കോവിഡ് ചികിത്സക്കുള്ള കൂടുതൽ സൗകര്യങ്ങൾ പൂർത്തിയാകുന്നതോടെ മെഡിക്കൽ കോളജിലെ ഐ.പി പുനരാരംഭിക്കാൻ കഴിയുമെന്ന് കലക്ടർ യോഗത്തിൽ അറിയിച്ചു.
ഇതോടെ മെഡിക്കൽ കോളജിലെ കോവിഡ് ബാധിതരുടെ തിരക്ക് കുറക്കാൻ സാധിക്കും. ആലുവ ആശുപത്രിയുടെ നവീകരണത്തിന് എസ്.ഡി.ആർ ഫണ്ടിൽനിന്ന് 35 ലക്ഷം രൂപയും എൻ.എച്ച്.എം ഫണ്ടിൽനിന്ന് 45 ലക്ഷം രൂപയും നൽകും. ഈ മാസം 31നുള്ളിൽ കോവിഡ് ബാധിതർക്ക് 100 ഓക്സിജൻ കിടക്ക ഉൾപ്പെടുന്ന വിപുല ബ്ലോക്ക് പ്രവർത്തനം ആരംഭിക്കും.
ഇതോടെ കളമശ്ശേരി ആശുപത്രി പഴയ രീതിയിൽ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുമെന്നും കലക്ടർ പറഞ്ഞു.എമർജൻസി ഐ.പി സർവിസ് ഉടൻ ആരംഭിക്കാൻ കഴിയുമെന്നും അറിയിച്ചു. വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് കമ്മിറ്റി രൂപവത്കരിക്കാനും നിർദേശം നൽകി.
കഴിഞ്ഞ മാർച്ച് മുതൽ സമ്പൂർണ കോവിഡ് ആശുപത്രി ആക്കിയതിനാൽ വിദ്യാർഥികളുടെ പഠനസൗകര്യം തടസ്സപ്പെട്ടിരുന്നു. ഇത് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാർഥികൾ വ്യാഴാഴ്ച മുതൽ സമരം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.