മെഹബൂബ് ഓർമദിനം: സ്മരണാജ്ഞലിയുമായി സംഗീതപ്രേമികൾ
text_fieldsമട്ടാഞ്ചേരി: കൊച്ചിക്കാരുടെ ഓർമകളിൽ മധുരം പെയ്യിക്കുന്ന ജനകീയ ഗായകൻ എച്ച്. മെഹബൂബ് ഓർമയായിട്ട് ഇന്ന് 43 വർഷം തികയുന്നു. മെഹബൂബ് എന്ന പേരിന്റെ ഉർദു അർഥം സൂചിപ്പിക്കും പോലെ തന്നെ കൊച്ചിക്കാർക്ക് പ്രിയപ്പെട്ടവനായിരുന്നു മെഹബൂബ്. തങ്ങളുടെ ഒരു സഹോദരൻ എന്ന നിലയിൽ മെഹബൂബിനെ കണ്ടിരുന്നതിനാൽ നാട്ടുകാർ ഭായി എന്നായിരുന്നു വിളിച്ചിരുന്നത്.
പണത്തെക്കാളും പ്രശസ്തിയെക്കാളും മെഹബൂബ് എന്ന ഗായകൻ ഇഷ്ടപ്പെട്ടിരുന്നത് കൊച്ചിക്കാരുടെ ഹൃദയത്തിലൂടെ പാടിഅലയുക എന്നതായിരുന്നു. മെഹബൂബിന്റെ ഗാനങ്ങൾ കാത്തുസൂക്ഷിച്ച കസ്തൂരി മാമ്പഴം പോലെ മധുരം പകരുന്നതായിരുന്നു നാട്ടുകാർക്ക് ഭായിയുടെ ഓരോ ഗാനങ്ങളും. 1926 ൽ ഫോർട്ട്കൊച്ചി പട്ടാളത്ത് ജാതിക്ക വളപ്പിൽ ഹുസൈൻ ഖാന്റെയും ഖാല ജാന്റെയും രണ്ടാമത്തെ മകനായാണ് മെഹബൂബ് പിറന്നത്.
1950ൽ ചേച്ചി എന്ന സിനിമയിൽ മെഹബൂബിന്റെ ആദ്യ ഗാനം റെക്കോഡ് ചെയ്തെങ്കിലും 1951ൽ ദക്ഷിണാമൂർത്തി സംഗീത സംവിധാനം നിർവഹിച്ച ജീവിതനൗക ചലച്ചിത്രത്തിൽ പി. ലീലയോടൊപ്പം പാടിയ ‘വരു നായികേ’ എന്ന ഗാനവും ‘ആകാലേ ആരും കൈവിടും’ എന്ന ഗാനവുമാണ് മെഹബൂബിനെ സംഗീതലോകത്ത് പ്രശസ്തനാക്കിയത്.
കാസരോഗം പിടിപെട്ട് കാക്കനാടുള്ള ബന്ധുവീട്ടിൽ കഴിഞ്ഞ മെഹബൂബ് 1981 ഏപ്രിൽ 22ന് മരിച്ചു. മെഹബൂബ് കാലയവനിയിൽ മറഞ്ഞെങ്കിലും അദ്ദേഹം ആലപിച്ച ഗാനങ്ങൾ അനശ്വരമായി നിലകൊള്ളുന്നു. ഇന്ന് മൂന്നിടങ്ങളിലായാണ് മെഹബൂബ് ഗാനാഞ്ജലി ഒരുക്കിയിട്ടുള്ളത്. ഫോർട്ട്കൊച്ചി വാസ്കോഡ ഗാമ സ്ക്വയറിൽ ഗസൽ മജീദിന്റെ നേതൃത്വത്തിൽ വൈകീട്ട് ഗാനസന്ധ്യ അരങ്ങേറും.
മെഹബൂബിന്റെ സമകാലികനായ ബിസ്മില്ല അബു മെഹബൂബ് ഗാനങ്ങൾ ആലപിച്ച് അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി ഒരുക്കുന്ന പരിപാടി വൈകീട്ട് ആറിന് കൊച്ചങ്ങാടി എം.ജെ സക്കരിയ സേട്ട് ഹാളിൽ നടക്കും. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യും. മ്യൂസിക് ലവേഴ്സിന്റെ നേതൃത്വത്തിൽ പള്ളുരുത്തിയിലും മെഹബൂബ് സ്മരണാജ്ഞലി സംഘടിപ്പിക്കുന്നുണ്ട് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.