മെട്രോ: സൈക്കിളുമായി എല്ലാ സ്റ്റേഷനുകളിൽനിന്നും കയറാം
text_fieldsകൊച്ചി: യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് എല്ലാ സ്റ്റേഷനുകളിൽനിന്നും സൈക്കിളുമായി മെട്രോയിൽ കയറാൻ അനുമതി നൽകി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. നഗരത്തിലെ സൈക്കിൾ ഉപയോക്താക്കളുടെ എണ്ണം വർധിച്ചതോടെയാണ് ഈ മാസം 17 മുതൽ തെരഞ്ഞെടുക്കപ്പെട്ട ആറ് സ്റ്റേഷനുകള്‍ വഴി മെട്രോയില്‍ സൈക്കിള്‍ കൊണ്ടുപോകാന്‍ അനുവാദം നൽകിയത്.
ആദ്യഘട്ടമെന്ന നിലയിൽ ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം, ടൗണ്‍ ഹാൾ, എറണാകുളം സൗത്ത്, മഹാരാജാസ് കോളജ്, എളംകുളം സ്റ്റേഷനുകളിലായിരുന്നു സൗകര്യം. 22 വരെയുള്ള കണക്കുകള്‍ പ്രകാരം 67 യാത്രക്കാരാണ് സൗജന്യ സേവനം ഉപയോഗപ്പെടുത്തിയത്. പ്രതിദിനം ശരാശരി 15,000 യാത്രക്കാരാണ് നിലവില്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നത്.
സേവനം വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായി സൈക്കിളുകളുടെ പ്രവേശനത്തിന് പ്രത്യേക മാര്‍ഗനിര്‍ദേശവും കെ.എം.ആര്.എല്‍ പുറത്തിറക്കിയിട്ടുണ്ട്. ഒരു ട്രെയിനില്‍ നാല് സൈക്കിള്‍ മാത്രമാണ് അനുവദിക്കുക. അവശിഷ്ടങ്ങള്‍, ഗ്രീസ് ആധിക്യം, അഴുക്ക്, മൂര്‍ച്ചയുള്ള വസ്തുക്കള്‍ എന്നിവ ഇല്ലാതെ വേണം സൈക്കിള്‍ കയറ്റാൻ. ഏതെങ്കിലും തരത്തിലുള്ള മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതോ പരിശീലന ചക്രങ്ങള്‍ ഘടിപ്പിച്ചതോ ആയ സൈക്കിളുകൾ, രണ്ടിലധികം ആളുകൾക്ക് ഇരുന്ന് ചവിട്ടി സഞ്ചരിക്കാൻ കഴിയുന്നത് എന്നിവ അനുവദിക്കില്ല. മടക്കിവെക്കുന്നതോ അഴിച്ചുമാറ്റാന്‍ പറ്റുന്നതോ ബാഗുകള്‍ വഹിക്കുന്നതോ ആയ സൈക്കിളുകളെ ലഗേജ് ഇനങ്ങളായി കണക്കാക്കും. സ്റ്റേഷന് പരിസരം, ഇടനാഴികള്‍, സ്റ്റേഷന് കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന പാലം, പ്ലാറ്റ്ഫോം തുടങ്ങിയ ഇടങ്ങളില്‍ സൈക്കിള്‍ ഓടിക്കുന്നതിനും നിരോധനമുണ്ട്.
സൈക്കിള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍നിന്ന് വലിയ പ്രതികരണമാണ് ലഭിച്ചതെന്നും ഞായറാഴ്ച മുതല്‍ എല്ലാ മെട്രോ സ്റ്റേഷനുകളില്‍നിന്നും സൈക്കിള്‍ പ്രവേശനം അനുവദിക്കുമെന്നും കെ.എം.ആര്.എല്‍ എം.ഡി അല്‍കേഷ്കുമാര്‍ ശര്‍മ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.