എം ജി കലോത്സവം
text_fieldsതൻവിക്ക് കല പോരാട്ടം
തൊടുപുഴ: പ്രതിസന്ധികളെ തരണം ചെയ്താണ് തൻവി ഓരോ തവണയും വേദിയിലെത്തുന്നത്. അതിനാൽ വിജയമല്ലാത്തതൊന്നും തൻവി ചിന്തിക്കുന്നില്ല. തൃപ്പൂണിത്തുറ ആർ.എൽ.വി ഗവ. കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് കോളജിലെ എം.എ ഭരതനാട്യം വിദ്യാർഥിയാണ് തൻവി സുരേഷ്. 2022ൽ പത്തനംതിട്ടയിൽ ട്രാൻസ്ജെൻഡേഴ്സ് ആദ്യമായി മത്സര രംഗത്തെത്തിയ കലോത്സവത്തിൽ തൻവി സുരേഷായിരുന്നു പ്രതിഭാ തിലകം. ഭരതനാട്യം, ശാസ്ത്രീയ സംഗീതം, മോണോ ആക്ട്, ലൈറ്റ് മ്യൂസിക് എന്നിവയിൽ മികച്ച പ്രകടനമാണ് അന്ന് തൻവി കാഴ്ച വെച്ചത്. 2023ലും 2024ലും ഭരതനാട്യത്തിൽ മത്സരിച്ചു.

സാമ്പത്തികമായി പിന്നാക്കമാണ് തൻവിയുടെ കുടുംബം. ഉദയംപേരൂരിൽ ഓട്ടോ ഡ്രൈവറായ അച്ഛൻ പി.പി സുരേഷിന്റെയും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ചേച്ചി ചിന്നുവിന്റെയും വരുമാനമാണ് വീട്ടിലെ ഏക ആശ്രയം. അമ്മ ഷൈല സുരേഷ് വീട്ടമ്മയാണ്. ഈ സമയത്താണ് ഗുരുനാഥയും കുച്ചിപ്പുടി അധ്യാപികയുമായ ബിജില ബാലകൃഷ്ണൻ വിവരം അറിയുന്നത്. ഉടൻ കോഴിക്കോട് നടക്കാവിലുള്ള നൃത്ത വിദ്യാലയത്തിലേക്ക് എത്താൻ തൻവിയോട് പറഞ്ഞു. തുടർന്ന് കോഴിക്കോടെത്തിയ തൻവി അഞ്ച് ദിവസത്തെ പരിശീലനത്തിനൊടുവിലാണ് കുച്ചിപ്പുടി മത്സരത്തിനായി സ്റ്റേജിൽ കയറിയത്. ഇന്ത്യയിൽ ഭരതനാട്യം ഗ്രാജ്വേറ്റ് ചെയ്യുന്ന ആദ്യ ട്രാൻസ്ജെൻഡറാണ് തൻവി സുരേഷ്.

സെന്റ് തെരേസാസ് മുന്നിൽ
തൊടുപുഴ: എം.ജി യൂനിവേഴ്സിറ്റി കലോത്സവം നാലുനാൾ പിന്നിടുമ്പോൾ എറണാകുളം സെന്റ് തെരേസാസ് കോളജ് 49 പോയന്റുമായി മുന്നിൽ. 40 പോയന്റുള്ള തേവര സേക്രഡ് ഹാർട്ട് കോളജാണ് രണ്ടാമത്. ആർ.എൽ.വി ഗവ. കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് 39 പോയന്റുമായി മൂന്നാമതുണ്ട്. നിലവിലെ ചാമ്പ്യന്മാരായ എറണാകുളം മഹാരാജാസ് കോളജ് 30 പോയന്റുമായി നാലാമതാണ്. 18 പോയന്റുള്ള ആലുവ യു.സി കോളജാണ് അഞ്ചാമത്. 16 ഇനങ്ങളിലാണ് വ്യാഴാഴ്ച മത്സരങ്ങൾ നടന്നത്. നാടൻ പാട്ട് മത്സരം രാത്രി ഏറെ വൈകിയാണ് സമാപിച്ചത്. വെള്ളിയാഴ്ച 14 ഇനങ്ങളിൽ മത്സരം നടക്കും.
ദഫ് മുട്ടിൽ ഒന്നാം സ്ഥാനം പങ്കിട്ട് മാറമ്പള്ളിയും കുന്നുകരയും
തൊടുപുഴ: ‘ദസ്തകിൽ’ ഇതുവരെ നടന്ന ഇനങ്ങളിലെ ഏറ്റവും വാശിയേറിയ മത്സരം ഒന്നാം വേദിയിൽ അരങ്ങേറിയ ദഫ് മുട്ടായിരുന്നു. മാസങ്ങളുടെ തയാറെടുപ്പുമായി വീറോടെ പോരാടിയ 29 ടീമുകളിൽ നിന്ന് വിജയികളെ കണ്ടെത്തുന്നത് ഏറ്റവും ശ്രമകരമായിരുന്നു. രണ്ട് ടീമുകൾ ഒന്നാം സ്ഥാനം പങ്കിട്ടു. മൂന്നു ടീമുകളാണ് രണ്ടാം സ്ഥാനത്തിന് അർഹരായത്.
എം.ഇ.എസ് കോളജ് മാറമ്പള്ളിയും എം.ഇ.എസ് അബ്ദുല്ല മെമ്മോറിയൽ കോളജ് കുന്നുകരയും ഒന്നാം സ്ഥാനം പങ്കിട്ടു. കെ.എം.എം ആർട്സ് ആൻഡ് സയൻസ് കോളജ് തൃക്കാക്കര, സെന്റ് പോൾസ് കോളജ് കളമശ്ശേരി, അൽ അമീൻ കോളജ് എടത്തല എന്നീ ടീമുകളാണ് രണ്ടാം സ്ഥാനത്തെത്തിയത്. എറണാകുളം മഹാരാജാസ് കോളജ് മൂന്നാമതെത്തി.
രാവിലെ മുതൽ ആരംഭിച്ച ദഫ് മത്സരം സന്ധ്യയായപ്പോഴാണ് സമാപിച്ചത്. പങ്കെടുത്ത ടീമുകളെല്ലാം എ ഗ്രേഡും നേടി. തുടർച്ചയായ രണ്ടാം തവണയാണ് എം.ഇ.എസ് മാറമ്പള്ളി ദഫിൽ ഒന്നാമതെത്തുന്നത്. ആലുവ തോട്ടുമുഖം സ്വദേശി നാസറുദ്ദീൻ തങ്ങളാണ് മാറമ്പള്ളി ടീമിനെ പരിശീലിപ്പിച്ചത്. കഴിഞ്ഞ 40 വർഷമായി ദഫ് പരിശീലിപ്പിക്കുന്ന നാസറുദ്ദീൻ രണ്ടുമാസത്തോളം നടത്തിയ തയാറെടുപ്പിന് ഒടുവിലാണ് ടീമിനെ സജ്ജമാക്കിയത്. കഴിഞ്ഞ തവണയും നാസറുദ്ദീന്റെ പരിശീലനത്തിലായിരുന്നു മാറമ്പള്ളി ഒന്നാമതെത്തിയത്.

തയാറാക്കിയത്; കെ.എ. സൈഫുദ്ദീൻ, അഫ്സൽ ഇബ്രാഹിം
ചിത്രങ്ങൾ: രതീഷ് ഭാസ്കർ, ടെൻസിങ് പോൾ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.