അർഹതക്കുള്ള അംഗീകാരമായി മുഹമ്മദ് ഷിയാസിന്റെ ഡി.സി.സി അധ്യക്ഷപദം
text_fieldsകൊച്ചി: ജനകീയ സമരങ്ങളിലും സംഘടനതലത്തിലും മുന്നിൽനിന്ന് പ്രവർത്തിച്ച മുഹമ്മദ് ഷിയാസിന് അർഹതക്കുള്ള അംഗീകാരമായി ഡി.സി.സി അധ്യക്ഷ പദവി.
2014 മുതൽ സംഘടന ചുമതലയുള്ള ഡി.സി.സി വൈസ് പ്രസിഡൻറായി പ്രവർത്തിക്കുന്ന 44കാരനായ മുഹമ്മദ് ഷിയാസ് മികച്ച സംഘാടകൻകൂടിയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെ.എസ്.യു സംസ്ഥാന ട്രഷറർ തുടങ്ങിയ സ്ഥാനങ്ങളിൽ ശോഭിച്ചിരുന്നു.
ഡി.സി.സി അധ്യക്ഷനായിരുന്ന ടി.ജെ. വിനോദ് എം.എൽ.എ പദവി വഹിച്ചിരുന്നപ്പോൾ മുഹമ്മദ് ഷിയാസായിരുന്നു സംഘടന ചുമതലകൾ നടത്തിയിരുന്നത്. ഏറ്റവും ഒടുവിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.സി.സി അധ്യക്ഷെൻറ ചുമതല നിർവഹിക്കാനുള്ള ദൗത്യവും ഷിയാസിനെ തേടിയെത്തി.
പ്രളയ ദുരിതാശ്വാസ പ്രവർത്തങ്ങളിൽ സജീവസാന്നിധ്യമായിരുന്നു. പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ പ്രതികളെ പുറത്തുകൊണ്ടുവരുന്നതിലും ജനകീയ പ്രക്ഷോഭത്തിലും മുൻനിരയിലുണ്ടായിരുന്നു. ലോക്ഡൗൺകാലത്ത് അന്തർസംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിെൻറയും ലേബർ ക്യാമ്പുകളുടെയും ചുമതലയും പാർട്ടി ഏൽപിച്ചത് ഷിയാസിനെയായിരുന്നു. യൂത്ത് കോൺഗ്രസ് ഭാരവാഹിയായിരിക്കെ പാഠപുസ്തക സമരത്തിൽ പങ്കെടുത്ത് പൊലീസിെൻറ മർദനത്തിനിരയായി 12 ദിവസം ജയിലിൽ കഴിഞ്ഞു.
ഒട്ടേറെ പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. നിയമവിരുദ്ധ ലോട്ടറികൾക്കെതിരെയും മൂലമ്പിള്ളി കുടിയൊഴിപ്പിക്കലിനെതിരെയും സമരങ്ങൾക്ക് നേതൃത്വം നൽകി. ലോട്ടറി രാജാവ് സാൻറിയാഗോ മാർട്ടിനെതിരെ നിയമയുദ്ധത്തിനും ഷിയാസ് നേതൃത്വം നൽകിയിരുന്നു.
എടത്തല അൽഅമീൻ കോളജിൽ കെ.എസ്.യു യൂനിറ്റ് പ്രസിഡൻറായായിരുന്നു പൊതുപ്രവർത്തന രംഗത്തെ തുടക്കം. എം.ജി സർവകലാശാല സെനറ്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചിൻ യൂനിവേഴ്സിറ്റിയിൽനിന്ന് എൽഎൽ.ബി പൂർത്തിയാക്കി. എം.ജി സർവകലാശാലയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഭാര്യ: ഡോ. എബിത ഷിയാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.