കുട്ടികളിലെ മുണ്ടിനീര്; തൃക്കാക്കരയിൽ ഊർജിത പ്രതിരോധം
text_fieldsകാക്കനാട്: തൃക്കാക്കര നഗരസഭ പരിധിയിൽ രണ്ട് സ്കൂളുകളിലെ വിദ്യാർഥികളിൽ മുണ്ടിനീര് രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യ വിഭാഗത്തിന്റെ ഇടപെടൽ. തൃക്കാക്കരയിൽ മുണ്ടിനീര് വ്യാപകമാകുന്നുവെന്ന ‘മാധ്യമം’ വാർത്തയെ തുടർന്നാണ് നടപടി.
തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂൾ, കാർഡിനൽ എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആശ ദേവിയുടെ നിർദേശത്തെ തുടർന്ന് ജില്ലാ സർവൈലൻസ് ഓഫിസർ ഡോ. ആശ, ത്യക്കാക്കര ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. മേഘ്ന രാജ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ സന്ദർശിച്ച് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.
നിലവിൽ സ്കൂൾ കുട്ടികളടക്കം 49 പേർക്കാണ് രോഗലക്ഷണങ്ങൾ. തൃക്കാക്കര കാർഡിനൽ എൽ.പി സ്കൂളിൽ എൽ.കെ.ജി, യു.കെ.ജി, ഒന്നാം ക്ലാസ് എന്നീ ക്ലാസുകളിലെ 38 കുട്ടികൾക്കും ഒരു അധ്യാപികക്കും ഒരു വിദ്യാർഥിയുടെ മുത്തശ്ശിക്കും ഉൾപ്പെടെ 40 പേർക്കുമാണ് രോഗലക്ഷണം കണ്ടത്. തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിൽ യു.കെ.ജിയിലെ എട്ട് വിദ്യാർഥികൾക്കും ഒരു അധ്യാപികക്കും ഉൾപ്പെടെ ഒമ്പത് പേർക്കാണ് രോഗം ബാധിച്ചത്.
സ്കൂൾ വിദ്യാർഥികൾ, അധ്യാപകർ, പി.ടി.എ അംഗങ്ങൾ എന്നിവർക്ക് ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു.
രോഗ ലക്ഷണങ്ങൾ ഉള്ളവർ രോഗം മാറുന്നത് വരെ സ്കൂളിൽ വരരുതെന്ന് കർശന നിർദേശം നൽകി.
രോഗം റിപ്പോർട്ട് ചെയ്ത രണ്ട് സ്കൂളുകളിലും ഭാവിയിൽ അഡ്മിഷൻ എടുക്കുമ്പോൾ വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധിക്കണമെന്നും ആരോഗ്യ വിഭാഗം നിർദേശം നൽകി.
മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും വ്യാപകം
തൃക്കാക്കര നഗരസഭയിലെ വിവിധ വാർഡുകളിൽ മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും വ്യാപകമാകുന്നു. ചിറ്റേത്തുകര മേഖലയിലാണ് മഞ്ഞപ്പിത്ത ബാധിതർ കൂടുതൽ. പ്രമേഹം, അമിത രക്തസമ്മർദം, ഫാറ്റിലിവർ പോലുള്ള ജീവിതശൈലീ രോഗങ്ങൾ സമൂഹത്തിൽ വ്യാപകമാണെന്നതിനാൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ 43 ഡിവിഷനുകളിലും ആശ വർക്കർമാർ സർവേ നടത്തി. കുടിവെള്ള സ്രോതസുകളിൽ ക്ലോറിനേഷൻ ചെയ്തുവരുന്നുണ്ട്. അതേസമയം, വിവിധ വാർഡുകളിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണവും കൂടുന്നത് ആശങ്ക പരത്തുന്നുണ്ട്.
ഡെങ്കി വ്യാപനം കൂടുതലായ ബി.എം നഗർ വാർഡിൽ കഴിഞ്ഞ ആഴ്ച്ച ജില്ലാ വെക്ടർ കൺട്രോൾ ടീം പരിശോധന നടത്തിയിരുന്നു. ഡിവിഷനിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും അന്തർ സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും നിർമ്മാണ സ്ഥലങ്ങളിലും ഈഡിസ് ഹണ്ട് എന്ന പേരിൽ 35 സംഘങ്ങളായി തിരിച്ചായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.