അഞ്ചൽ ശേഷിപ്പുകളുമായി മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫിസ്
text_fieldsമൂവാറ്റുപുഴ: രാജഭരണകാലത്തെ അഞ്ചൽ നോട്ടീസ് ബോർഡും പെട്ടിയുമെല്ലാം പൊടി തട്ടിയെടുത്ത് മിനുക്കി സൂക്ഷിക്കുകയാണ് മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫിസിലെ ജീവനക്കാർ. പോയകാലത്തിെൻറ അഞ്ചൽ ശേഷിപ്പുകൾ പുതു തലമുറക്ക് കാണാൻ മിനി തപാൽ മ്യൂസിയം ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണിവർ. കഴിഞ്ഞ ദിവസം ഒരു അഞ്ചൽ നോട്ടീസ് ബോർഡ് കൂടി ഇവർ കണ്ടെടുത്തു.
സ്റ്റോക്ക് റൂം പരിശോധക്കിടെയാണ് ഒരുനൂറ്റാണ്ടോളം പഴക്കമുള്ള നോട്ടീസ് ബോർഡ് കണ്ടെത്തിയത്. പഴയ അഞ്ചൽ മുദ്രയുള്ള തേക്കിൽ തീർത്ത ബോർഡിന് നൂറു സെ.മീ. നീളവും 60 സെ.മീ. വീതിയുമുണ്ട്.
പൂർണമായും തേക്കിൽ തീർത്ത നോട്ടീസ് ബോർഡ് മൂവാറ്റുപുഴ മാർക്കറ്റ് പോസ്റ്റ് ഓഫിസിലെ ഡാക് സേവക് എ. മോഹനൻ കേടുപാടുകൾ തീർത്ത് പോളിഷ് ചെയ്ത് നൽകി. തുടർന്ന് തപാൽ ഓഫിസിൽ എത്തുന്നവർക്ക് കാണാൻ സാധിക്കുന്ന വിധം പ്രദർശിപ്പിക്കുകയും ചെയ്തു. ഒരുപതിറ്റാണ്ട് മുമ്പ് കണ്ടെത്തിയ കൂറ്റൻ അഞ്ചൽപെട്ടിയും പഴമയുടെ ഭംഗി ഒട്ടും ചോരാതെ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. രാജഭരണകാലത്തെ തപാൽ ഇടപാടുകളുടെ ചരിത്രം ഓർമപ്പെടുത്താൻ പോസ്റ്റ്ഓഫിസിെൻറ പുറത്താണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. അഞ്ചടിയോളം ഉയരമുള്ള ഉരുക്കുകൊണ്ടുണ്ടാക്കിയ അഞ്ചൽപെട്ടി ഇപ്പോഴും പോസ്റ്റ് ഓഫിസിൽ എത്തുന്നവർക്ക് കൗതുക കാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.