മൂവാറ്റുപുഴ-തേനി സംസ്ഥാന പാത ടാറിങ് കുത്തിപ്പൊളിച്ച് കോൺക്രീറ്റ് ചെയ്യാൻ നീക്കം
text_fieldsമൂവാറ്റുപുഴ: മൂവാറ്റുപുഴ-തേനി സംസ്ഥാന പാതയുടെ ചാലിക്കടവ് പാലം മുതൽ റേഷൻകട പടിവരെയുള്ള ഒരു കിലോമീറ്ററിലെ നിർമാണം വിവാദത്തിൽ. നേരത്തേ ബി.എം ബി.സി നിലവാരത്തിൽ ടാർ ചെയ്ത ഈ ഭാഗം കുത്തിപ്പൊളിച്ച് 45 സെന്റീമീറ്റർ ഘനത്തിൽ കോൺക്രീറ്റ് ചെയ്യാനാണ് നീക്കം. ഒന്നര പതിറ്റാണ്ട് മുമ്പ് ചാലിക്കടവ് പാലം പൂർത്തിയായതോടെയാണ് 11 മീറ്റർ വീതിയിൽ റോഡ് നിർമിച്ചത്. എന്നാൽ, കാലവർഷത്തിൽ വെള്ളം കയറുന്ന റോഡ് കൂടുതൽ സുരക്ഷിതമാക്കാനാണ് കോൺക്രീറ്റ് ചെയ്യുന്നതെന്ന് അധികൃതർ പറയുന്നു.
22 മീറ്റർ വീതിയാണ് ഈ ഒരു കിലോമീറ്റർ ഭാഗത്ത് റോഡിനുള്ളത്. ഇത് ഉപയോഗപ്പെടുത്തി ഓടകളും മറ്റും നിർമിക്കാതെയാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന പരാതിയും ഉയരുന്നുണ്ട്. മണ്ഡല അതിർത്തിയായ പെരുമാങ്കണ്ടം മുതൽ മൂവാറ്റുപുഴ ചാലിക്കടവ് ജങ്ഷൻവരെ 17 കിലോമീറ്റർ ദൈര്‍ഘ്യത്തിലുള്ള റോഡ് നിർമാണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്റ ഭൂരിഭാഗം പണിയും പൂർത്തിയായി. 185 കിലോമീറ്റര്‍ ദൈർഘ്യമുള്ള മൂവാറ്റുപുഴ-തേനി പാതയിലെ മറ്റു മണ്ഡലങ്ങളിലെ നിർമാണപ്രവർത്തനങ്ങളും പൂർത്തിയായിട്ടുണ്ട്. പാത ഇടുക്കി ജില്ലയുടെ ടൂറിസം വികസനത്തിനു കുതിപ്പേകുമെന്നാണ് വിലയിരുത്തൽ. ഇതിനുപുറമെ കേരള-തമിഴ്നാട് ചരക്കുഗതാഗതം എളുപ്പത്തിലാകുകയും ചെയ്യും. അതേസമയം, പദ്ധതിക്കെതിരെ നടക്കുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.