36 വർഷം പിന്നിട്ട് യൂസുഫിന്റെ പലഹാരക്കച്ചവടം
text_fieldsമൂവാറ്റുപുഴ: നഗരത്തിലെ കച്ചേരിത്താഴത്ത് എത്തുന്നവർക്ക് ചിരപരിചിതമായ ഒരു മുഖമുണ്ട്. നാലു പതിറ്റാണ്ടായി കച്ചേരിത്താഴത്തെ പാലത്തിനുസമീപം ഉന്തുവണ്ടിയിൽ മൂന്നു രൂപ പരിപ്പുവട അടക്കമുള്ള പൊരിപ്പലഹാരങ്ങൾ വിൽപ്പന നടത്തുന്ന യൂസുഫിനെ. ഇദ്ദേഹത്തിൽ നിന്നും ഒരിക്കലെങ്കിലും പലഹാരം വാങ്ങാത്തവർ വിരളമായിരിക്കും. 1988ലാണ് മൂവാറ്റുപുഴ കച്ചേരിത്താഴത്തെ പ്രസിദ്ധമായ മൂവാറ്റുപുഴ പാലത്തിനു സമീപം ഉന്തുവണ്ടിയിൽ ചെറുവട്ടൂർ പോണാകുടി യൂസുഫ് കടലക്കച്ചവടത്തിനെത്തുന്നത്. അന്ന് 10 പൈസയായിരുന്നു ഒരു പൊതി കടലയുടെ വില. അന്ന് 18കാരനായിരുന്ന യൂസഫ് കടലക്കൊപ്പം പരിപ്പുവടയും ഉള്ളിവടയും കൂടി വ്യാപാരം തുടങ്ങി. ഒപ്പം കപ്പ വറുത്തതും കടല റോസ്റ്റും. ഇതിന് 15 പൈസയായിരുന്നു വില. മടിച്ചാണ് ഉണ്ടാക്കാനാരംഭിച്ചതെങ്കിലും കടലയെ പോലെ ഈ പലഹാരങ്ങളും ജനം ഏറ്റെടുത്തു. ചായക്കടകളിൽ പൊരിപ്പലഹാരങ്ങൾക്ക് 25 പൈസയായിരുന്നു അന്നത്തെ വില. ഒരുരൂപക്ക് പത്ത് പരിപ്പുവട, അല്ലെങ്കിൽ ഉള്ളിവട എന്നത് ജനകീയമാവുകയായിരുന്നു. ഇതിന്റെ ചുവട് പിടിച്ച് നിരവധി പേർ നഗരത്തിൽ ഉന്തുവണ്ടികളിൽ കച്ചവടത്തിനെത്തിയെങ്കിലും പലരും രംഗം വിട്ടു. എന്നാൽ 36 വർഷത്തിനിപ്പുറം ഇന്നും ഈ രംഗത്ത് യൂസുഫ് സജീവമാണ്. കാലം പുരോഗമിച്ചതിനനുസരിച്ച് യൂസുഫും കച്ചവടത്തിൽ മാറ്റങ്ങൾ വരുത്തി. പരിപ്പുവടക്കും, ഉള്ളിവടക്കും പുറമെ മസാല ബോണ്ട, മുട്ട പുഴുങ്ങിയത്, മുളകുബജി, കാബേജ് വറുത്തത് എന്നിവക്ക് പുറമെ യൂസുഫിന്റെ സ്പെഷൽ കാന്താരി പത്തിരിയും ഇവിടെയുണ്ട്. ഇഞ്ചി, കാന്താരിമുളക്, വെളുത്തുള്ളി ഇവ ചേർത്ത് ഉണ്ടാക്കുന്നതാണ് കാന്താരി പത്തിരി. അന്നത്തെ ആ പത്തുപൈസ പരിപ്പുവടയുടെ വില ഇന്ന് മൂന്ന് രൂപയാണ്.
മസാല ബോണ്ട, മുളകു ബജി, കാന്താരി പത്തിരി എന്നിവക്ക് അഞ്ച് രൂപയാണ് വില വാങ്ങുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോഴും തന്നെ താനാകാൻ സഹായിച്ച നഗരത്തോടും നാട്ടുകാരിൽ നിന്നും വലിയ വില വാങ്ങാൻ യൂസുഫ് തയ്യാറല്ല. വീട്ടിൽ നിന്ന് ഉച്ചയോടെ നഗരത്തിലെത്തുന്ന യൂസുഫ് ലൈവായാണ് പലഹാരങ്ങൾ പൊരിക്കുന്നത്. ഇത് രാത്രി 7.30 വരെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.