അഞ്ചുകോടി ചെലവില്‍ പുതിയ അത്യാധുനിക മന്ദിരം ഉയരും; സർക്കാർ അതിഥി മന്ദിരം ഓർമയാകുന്നു
text_fieldsമൂവാറ്റുപുഴ: നഗരത്തിന്റെ തിലകക്കുറിയായി നിലകൊണ്ട സർക്കാർ അതിഥി മന്ദിരം ഓർമയാകുന്നു. പുതിയ മന്ദിരം നിർമിക്കുന്നതിനു മുന്നോടിയായാണ് എട്ടുപതിറ്റാണ്ടിലേറെ പഴക്കമുള്ള ടി.ബി പൊളിച്ചുനീക്കുന്നത്. മൂവാറ്റുപുഴയുടെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ ഒട്ടേറെ രാഷ്ടീയ ചർച്ചകൾക്കും സംസ്ഥാനത്ത് തന്നെ നിർണായകമായ പലരാഷ്ട്രീയ തീരുമാനങ്ങള്‍ക്കും വേദിയായിരുന്ന പുരാതന അതിഥി മന്ദിരം ഇനി പഴങ്കഥയാകും.
സ്വാതന്ത്ര്യത്തിന് മുന്നെ പണികഴിപ്പിച്ച പഴയ മന്ദിരവും 50 കൊല്ലം മുമ്പ് പുതുക്കിപ്പണിത പുതിയ കെട്ടിടവുമാണ് പൊളിച്ചുതുടങ്ങിയത്. ഇവിടെ അഞ്ചു കോടി ചെലവില്‍ പുതിയ അത്യാധുനിക മന്ദിരം ഉയരും. മൂന്നു നിലകളിലായാണ് പുതിയ അതിഥി മന്ദിരം ഉയരുക. താഴെ രണ്ടു നിലയിലായാണ് മുറികളും ഒരുക്കുക. താഴത്തെ നിലയില്‍ സ്യൂട്ട് റൂമടക്കം മൂന്ന് മുറിയുണ്ടാവും.
അടുക്കളയും ഡൈനിങ് ഹാളും താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കും. പ്രത്യേക പാര്‍ക്കിങ് സൗകര്യത്തോടെയാണ് നിർമാണം. മൂന്നാം നിലയില്‍ വലിയ കോണ്‍ഫറന്‍സ് ഹാള്‍ നിർമിക്കും. ലിഫ്റ്റടക്കം രണ്ടു നിലയിലായി 11 മുറികളുണ്ടാവും. അഞ്ചു കോടി ചെലവില്‍ രണ്ടു നിലയിലായാണ് മന്ദിരം നിര്‍മിക്കുന്നത്.
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും പണി നടന്നിരുന്നില്ല. പുതിയ അതിഥി മന്ദിരം പണിയുന്നതിന് തയാറാക്കിയ പ്ലാനിലും ഡിസൈനിലും മാത്യു കുഴല്നാടന് എം.എല്‍.എയുടെ നിര്‍ദേശപ്രകാരം ഭേദഗതികള്‍ വരുത്തി പുതിയ ഡിസൈനിലാണ് മന്ദിരം നിർമാണം. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ഒരു വര്‍ഷത്തിനുള്ളില്‍ നിർമാണം പൂര്‍ത്തിയാക്കും. ജില്ലയുടെ കീഴക്കന്‍ മേഖലയിലെ ആദ്യസര്ക്കാര് അതിഥി മന്ദിരമായ ഇവിടെ മുന്‍ മുഖ്യമന്ത്രിമാരായിരുന്ന ഇ.എം.എസ്, സി. അച്യുതമേനോന്, കെ. കരുണാകരന്, എ.കെ. ആന്റണി, പി.കെ. വാസുദേവന്‍ നായര്‍, സി.എച്ച്. മുഹമ്മദ് കോയ, അച്യുതാനന്ദന്, ഉമ്മന്‍ ചാണ്ടി എന്നിവരുടെയും മന്ത്രിമാരുടെയും ഉന്നത രാഷ്ട്രീയ മത നേതാക്കളുടെയും ഇടത്താവളമായിരുന്നു മന്ദിരം. കമ്യൂണിസ്റ്റ് ആചാര്യന് എ.കെ. ഗോപാലനും (എ.കെ.ജി), ഭാര്യ സുശീല ഗോപാലനും ഇവിടെ ദിവസങ്ങളോളം താമസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.