പേര് വെട്ടിമാറ്റിയ സംഭവത്തിൽ അന്വേഷണം തുടങ്ങി; കോൺഗ്രസ് പ്രവർത്തകരുടെ പേര് ആറു ദിവസത്തിനകം ചേർക്കും
text_fieldsമൂവാറ്റുപുഴ: വോട്ടർ പട്ടികയിൽ നിന്ന് കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവരുടെ പേര് വെട്ടിമാറ്റിയ സംഭവത്തിൽ അന്വേഷണം തുടങ്ങി. ആറ് ദിവസത്തിനകം പേര് ചേർക്കും.
വാളകം പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെടുന്ന മുപ്പത്തിയെട്ടാം നമ്പർ ബൂത്തിൽ കോൺഗ്രസ് പ്രവർത്തകരുടെ വോട്ടുകൾ വ്യാപകമായി ഒഴിവാക്കിയതെന്ന പരാതിയിലാണ് കലക്ടറേറ്റിലെ ഇലക്ഷൻ വിഭാഗത്തിൽനിന്നുള്ള ഉദ്യോഗസ്ഥർ മൂവാറ്റുപുഴയിൽ എത്തി അന്വേഷണം നടത്തിയത്.
താലൂക്ക് ഓഫിസിലെത്തിയ സംഘം പരിശോധന നടത്തി. പരാതിക്കാരെയും ബൂത്ത് ലവൽ ഓഫിസറെയും കണ്ട് വിവരങ്ങൾ ശേഖരിച്ചു. വോട്ടേഴ്സ് ലിസ്റ്റിന്റെ കരട് രൂപമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും ഇതിൽ പരാതിയുള്ളവർക്ക് ഇക്കാര്യം ബോധ്യപ്പെടുത്താനും പേര് ഉൾപ്പെടുത്താനും ഇനിയും സമയം ഉണ്ടെന്നും കരട് ലിസ്റ്റ് പരിശോധിച്ച് പരാതികൾ ഉടൻ നൽകണമെന്നും തഹസിൽദാർ രഞ്ജിത് ജോർജ് അറിയിച്ചു.
ഇതിനിടെ ലിസ്റ്റിൽനിന്ന് അകാരണമായി പേരുകൾ നീക്കം ചെയ്തുവെന്ന് പരാതിയുയർന്നവരുടെ പേരുകൾ ആറ് ദിവസത്തിനുള്ളിൽ വേട്ടർ ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്ന് തഹസിൽദാർ പറഞ്ഞു.
വർഷങ്ങളായി സ്ഥലത്തില്ലാത്തവരുടെയും മരിച്ചു പോയവരുടെയും മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറ്റിയവരുടെയും ഒക്കെ പേരുകൾ നീക്കം ചെയ്യാനുള്ള അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വോട്ടർ ലിസ്റ്റിൽനിന്ന് കോൺഗ്രസ് നേതാക്കളുടെ പേര് വെട്ടിയത്.
ഇത്തരം അപേക്ഷകൾ ബൂത്ത് ലെവൽ ഓഫിസർമാർ പരിശോധന നടത്തി കൃത്യത വരുത്തിയ ശേഷമേ വോട്ടഴ്സ് ലിസ്റ്റിൽ നീക്കാവൂ എന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. പ്രവർത്തകരുടെ പേരുകൾ നീക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണന്ന് ആരോപിച്ച് വ്യാഴാഴ്ച വൈകീട്ട് കോൺഗ്രസ് പ്രവർത്തകർ താലൂക്ക് ഓഫിസിൽ എത്തി തഹസിൽദാരെ ഉപരോധിച്ചിരുന്നു.
സംഭവം വിവാദമായതോടെ കലക്ടറുടെ നിർദേശത്തെ തുടർന്ന വെള്ളിയാഴ്ച കളക്ടറേറ്റിൽനിന്ന് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്താമെന്ന ഉറപ്പിലാണ് പ്രശ്നം പരിഹരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.