അസം സ്വദേശിയുടെ മരണം കൊലപാതകമെന്ന് പൊലീസ്
text_fieldsമൂവാറ്റുപുഴ: മുടവൂർ തവളക്കവലയിലെ വാടകവീടിന്റെ ടെറസിൽ അഴുകിയ നിലയിൽ അസം സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പൊലീസ്. കളമശ്ശേരി മെഡിക്കൽ കോളജിൽ ചൊവ്വാഴ്ച നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണെന്ന സൂചനകൾ ലഭിച്ചത്.
കഴുത്തിലെ ആഴത്തിലുള്ള മുറിവും ശരീരത്തിൽ ഉണ്ടായിരുന്ന മുറിവുകളും ക്ഷതങ്ങളും മരണത്തിന് കാരണമായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽനിന്ന് ലഭിക്കുന്ന സൂചന. മുടവൂർ തവളക്കവലയിലെ വീടിന്റെ ടെറസിൽ തിങ്കളാഴ്ച രാവിലെയാണ് അസം സ്വദേശി ബാബുൽ ഹുസൈന്റെ (40) മൃതദേഹം പുഴുവരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചുദിവസം പഴക്കമുണ്ടായിരുന്നു.
സംഭവത്തെ തുടർന്ന് ബാബുളിനൊപ്പം താമസിച്ചിരുന്ന ഭാര്യയെയും ഭാര്യാസഹോദരിയെയും കുട്ടിയെയും കാണാതായിരുന്നു. ഇവരെ പൊലീസ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ആദ്യഘട്ട പരിശോധനയിൽ സംശയം തോന്നിയതോടെയാണ് പൊലീസ് മൃതദേഹം ഫോറൻസിക് സർജന്റെ സഹായത്തോടെ പോസ്റ്റ്മോർട്ടം നടത്താൻ കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.
മരണം കൊലപാതകമാണെന്ന് വ്യക്തമാക്കുന്ന നിർണായക സൂചനകൾ പോസ്റ്റ്മോർട്ടത്തിൽനിന്ന് ലഭിച്ചതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇതോടെ ഇയാളുടെ കുടുംബത്തെ കണ്ടെത്താനുള്ള നീക്കവും ഊർജിതമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ അസമിലെത്തി കുടുംബത്തെ കണ്ടെത്താനും നീക്കമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.